കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി. രണ്ടുമുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നല്‍കാനുള്ള കോവാക്‌സിനാണ് ഡിസിജിഐ അനുമതി നല്‍കിയിരിക്കുന്നത്. എന്നുമുതല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സാധിക്കുമെന്ന് കേന്ദ്രം പിന്നീട് വ്യക്തമാക്കും. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് സ്‌കൂളുകള്‍ തുറക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് കുട്ടികള്‍ക്കുള്ള വാക്‌സിന്‍ അനുമതി നല്‍കാന്‍ നടപടികള്‍ വേഗത്തിലാക്കിയത്.
കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന് അനുമതി നല്‍കാനായി വിദഗ്ധ സമിതി ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ)യ്ക്ക് ശുപാര്‍ശ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അനുമതി. നേരത്തെ, മൂന്നുവട്ട ക്ലിനിക്കല്‍ പരിശോധനകളുടെ ഫലം വിദഗ്ധ സമിതിയ്ക്ക് വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് നല്‍കിയിരുന്നു. ക്ലിനിക്കല്‍ ട്രയല്‍ പ്രോട്ടോക്കോള്‍ പാലിക്കാനായി പഠനം തുടരേണ്ടതുണ്ട്, വാക്‌സിനെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തണം തുടങ്ങിയ നിര്‍ദേശങ്ങളും വിദഗ്ധ സമിതി മുന്നോട്ടുവച്ചിരുന്നു.
Content Highlights: Covaxin gets emergency approval for kids aged 2-18 years