ആൽബർട്ടയിൽ ഇന്ധന നികുതി താൽക്കാലികമായി നിർത്തലാക്കുകയോ കുറയ്ക്കുകയോ ചെയ്യുന്ന കാര്യത്തിൽ പ്രവിശ്യാ സർക്കാർ ഈ ആഴ്ചയോടെ തീരുമാനം എടുക്കും. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് 80 യു.എസ് ഡോളറിന് മുകളിൽ തുടരുന്ന പശ്ചാത്തലത്തിലാണ് നികുതിയിളവ് നൽകാൻ സർക്കാർ ആലോചിക്കുന്നത്. ജൂലൈ ഒന്നു മുതലായിരിക്കും പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരികയെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് വ്യക്തമാക്കി.
നിലവിൽ ആൽബെർട്ടയിൽ സാധാരണ പെട്രോളിന് ലിറ്ററിന് 13 സെൻ്റാണ് ഇന്ധന നികുതി. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് അസംസ്കൃത എണ്ണയുടെ വിലയെ അടിസ്ഥാനമാക്കിയാണ് ഇളവുകൾ നിശ്ചയിക്കുന്നത്. എണ്ണവില ബാരലിന് 80 മുതൽ 89.99 ഡോളർ വരെയാണെങ്കിൽ ലിറ്ററിന് 4.5 മുതൽ 9 സെൻ്റ് വരെ നികുതി കുറച്ചേക്കും. വില 90 ഡോളറോ അതിൽ കൂടുതലോ ആയാൽ നികുതി പൂർണ്ണമായും ഒഴിവാക്കും. കഴിഞ്ഞ 20 ദിവസത്തെ ശരാശരി വില കണക്കിലെടുത്തായിരിക്കും അന്തിമ തീരുമാനം പ്രഖ്യാപിക്കുക. മുൻപ് 2023-ലും ആൽബെർട്ട സർക്കാർ സമാനമായ രീതിയിൽ ആറ് മാസത്തേക്ക് ഇന്ധന നികുതി ഒഴിവാക്കിയിരുന്നു.