പി പി ചെറിയാന്‍
ഓക്ക്ലന്‍ഡ്: എഫ്.ഐ.എച്ച്. വനിതാ നേഷന്‍സ് കപ്പ് ഹോക്കിയിലെ ആദ്യ മത്സരത്തില്‍ അമേരിക്കയ്ക്കെതിരെ ഇന്ത്യക്ക് ആവേശജയം. തുടക്കത്തില്‍ രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമാണ് ശക്തമായി തിരിച്ചടിച്ച് യു.എസിനെ 32 ന് തോല്‍പ്പിച്ച് പൂള്‍ എ-യില്‍ ഇന്ത്യ വിജയത്തുടക്കം കുറിച്ചത്.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ആഷ്ലി സെസ്സ (നാലാം മിനിറ്റ്), മെയ്ഡ്ലിന്‍ സിമ്മര്‍ (ഏഴാം മിനിറ്റ്) എന്നിവരിലൂടെ യു.എസ് 2-0 ന്റെ ലീഡ് നേടിയിരുന്നു.
രണ്ടാം ക്വാര്‍ട്ടറില്‍ ഇന്ത്യ കളിയിലേക്ക് ശക്തമായി തിരിച്ചുവന്നു. 17, 24 മിനിറ്റുകളില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണറുകള്‍ ഗോളാക്കി മാറ്റി ഡ്രാഗ് ഫ്‌ലിക്കര്‍ ദീപിക ഇന്ത്യയെ ഒപ്പമെത്തിച്ചു.
28-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ച് നവ്നീത് കൗര്‍ ആദ്യ പകുതിക്ക് മുന്‍പ് തന്നെ ഇന്ത്യക്ക് 3-2 ന്റെ വിജയലീഡ് സമ്മാനിച്ചു.
രണ്ടാം പകുതിയില്‍ ഇരുടീമുകളുടെയും പ്രതിരോധം ശക്തമായതോടെ കൂടുതല്‍ ഗോളുകളൊന്നും പിറന്നില്ല. ഈ വിജയത്തോടെ 3 പോയിന്റുമായി പൂള്‍ എ-യില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. ഗോള്‍ വ്യത്യാസത്തില്‍ ജപ്പാനാണ് നിലവില്‍ ഒന്നാമത്. ടൂര്‍ണമെന്റിലെ ജേതാക്കള്‍ക്ക് എഫ്.ഐ.എച്ച് പ്രോ ലീഗിലേക്ക് പ്രൊമോഷന്‍ ലഭിക്കും.