ഇന്ത്യക്കാര്‍ക്കുള്ള EB-5 വിസ പരിധി  അവസാനിച്ചു

By: 600002 On: Jun 16, 2026, 8:59 AM



പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി.സി: 2026 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യക്കാര്‍ക്കായി അനുവദിച്ചിട്ടുള്ള എല്ലാ 'ഇബി-5' (EB5) അണ്‍റിസര്‍വ്ഡ് ഇമിഗ്രന്റ് വിസകളും പൂര്‍ണ്ണമായി വിതരണം ചെയ്തതായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

ജൂണ്‍ 5-ഓടെ തന്നെ ഇന്ത്യക്കാര്‍ക്കുള്ള ഈ വര്‍ഷത്തെ വിസ ക്വാട്ട അവസാനിച്ച പശ്ചാത്തലത്തില്‍, ഈ സാമ്പത്തിക വര്‍ഷത്തെ ബാക്കി മാസങ്ങളില്‍ യു.എസ് എംബസികള്‍ക്കോ കോണ്‍സുലേറ്റുകള്‍ക്കോ ഇന്ത്യന്‍ അപേക്ഷകര്‍ക്ക് ഈ വിഭാഗത്തില്‍ പുതിയ വിസകള്‍ നല്‍കാനാകില്ല. അടുത്ത സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന 2026 ഒക്ടോബര്‍ 1 മുതല്‍ മാത്രമേ വിസ വിതരണം പുനരാരംഭിക്കുകയുള്ളൂ.

നേരത്തെ ഇന്ത്യക്കാര്‍ക്കുള്ള 'ഇബി-2' (EB2) വിസകളും ഈ വര്‍ഷത്തേക്ക് പൂര്‍ണ്ണമായി തീര്‍ന്നിരുന്നു. നിയമപരമായ രാജ്യാന്തര പരിധികളും കര്‍ശനമായ നിയന്ത്രണങ്ങളുമാണ് വിസകള്‍ വേഗത്തില്‍ അവസാനിക്കാന്‍ കാരണമായത്. കൂടുതല്‍ വിസകള്‍ ലഭ്യമാക്കിയിരുന്നിട്ടും ഉയര്‍ന്ന അപേക്ഷകരുടെ എണ്ണം കാരണം അനുവദിച്ച ക്വാട്ട മുഴുവന്‍ നേരത്തെ തന്നെ തീരുകയായിരുന്നു.