ഇലോൺ മസ്കിൻ്റെ സാമ്രാജ്യം വളർന്നത് സർക്കാർ സഹായത്തോടെയെന്ന് റിപ്പോർട്ട് 

By: 600110 On: Jun 15, 2026, 1:22 PM

ലോകത്തെ ആദ്യ ട്രില്യണയർ  പദവിയിലേക്ക് ഉയർന്ന ഇലോൺ മസ്കിൻ്റെ പ്രമുഖ കമ്പനികളുടെ വിജയത്തിന് പിന്നിൽ യു.എസ് സർക്കാരിൻ്റെ വൻതോതിലുള്ള സാമ്പത്തിക സഹായങ്ങളുണ്ടായിരുന്നതായി വെളിപ്പെടുത്തൽ. തുടക്കകാലത്ത് കനത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന മസ്കിൻ്റെ സംരംഭങ്ങളായ ടെസ്‌ല , സ്പേസ് എക്സ് എന്നിവയ്ക്ക് വഴിത്തിരിവായത് സർക്കാർ നൽകിയ വായ്പകളും ഗ്രാൻ്റുകളും റെഗുലേറ്ററി ആനുകൂല്യങ്ങളുമാണെന്ന് പ്രമുഖ നിക്ഷേപകരും സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

വാൾസ്ട്രീറ്റിലെ വൻകിട നിക്ഷേപകരേക്കാൾ, സ്റ്റാർട്ടപ്പ് ഘട്ടത്തിൽ മസ്കിനെ പരാജയത്തിൽ നിന്ന് രക്ഷിച്ചതും കമ്പനികളുടെ ഇന്നത്തെ 1.5 ട്രില്യൺ ഡോളർ മൂല്യത്തിലേക്ക് അടിത്തറയിട്ടതും അമേരിക്കൻ നികുതിദായകരുടെ പണമാണെന്നാണ് സാമ്പത്തിക വിശകലനങ്ങളിൽ വ്യക്തമാകുന്നത്.  2006-ൽ ഫാൽക്കൺ റോക്കറ്റ് സംവിധാനം വികസിപ്പിക്കുന്നതിനായി നാസ നൽകിയ 278 മില്യൺ ഡോളറിൻ്റെ ഗ്രാൻ്റാണ് സ്പേസ് എക്സിൻ്റെ വളർച്ചയ്ക്ക് നിർണ്ണായകമായത്. തുടർന്ന് 2008-ൽ കമ്പനി കടുത്ത ഫണ്ട് പ്രതിസന്ധി നേരിട്ടപ്പോൾ നാസ അനുവദിച്ച 1.6 ബില്യൺ ഡോളറിൻ്റെ കരാറാണ് കമ്പനിയെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്.

ഇതേ കാലയളവിൽ യു.എസ് ഊർജ്ജ വകുപ്പിൽ നിന്ന് ലഭിച്ച 465 മില്യൺ ഡോളറിൻ്റെ കുറഞ്ഞ പലിശയിലുള്ള വായ്പയാണ് ടെസ്‌ല മോഡൽ എസ് കാറുകളുടെ നിർമ്മാണത്തിന് വഴിതുറന്നത്. കാർബൺ എമിഷൻ കുറയ്ക്കുന്നതിനുള്ള സർക്കാർ നയങ്ങളുടെ ഭാഗമായി എമിഷൻ ക്രെഡിറ്റ് വിറ്റഴിച്ചതിലൂടെ മാത്രം ടെസ്‌ല ശതകോടികളുടെ അധിക വരുമാനം നേടിയതായും, ഇത്തരം ഫെഡറൽ ആനുകൂല്യങ്ങളില്ലായിരുന്നെങ്കിൽ മസ്കിൻ്റെ കമ്പനികൾ പല തവണ പാപ്പരത്തത്തിലേക്ക്  കൂപ്പുകുത്തുമായിരുന്നെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.