കാനഡയിലെ ഭക്ഷ്യനയം: അനുകൂല പ്രതികരണവുമായി  ഉപഭോക്താക്കളും ചെറുകിട വ്യാപാരികളും

By: 600110 On: Jun 15, 2026, 1:17 PM

 

കാനഡയിലെ പലചരക്ക് വിപണിയിലെ വൻകിട കമ്പനികളുടെ കുത്തക അവസാനിപ്പിക്കാനും വിലക്കയറ്റം നിയന്ത്രിക്കാനും ലക്ഷ്യമിട്ട് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ച മൂന്ന് ബില്യൺ ഡോളറിൻ്റെ ദേശീയ ഭക്ഷ്യ സുരക്ഷാ നയത്തോട്' അനുകൂലമായി പ്രതികരിച്ച് രാജ്യത്തെ ഉപഭോക്താക്കളും ചെറുകിട വ്യാപാരികളും. നിലവിൽ കാനഡയിലെ പലചരക്ക് വിപണിയുടെ 75 ശതമാനവും നിയന്ത്രിക്കുന്നത് അഞ്ച് വൻകിട കമ്പനികളാണെന്നും, ഇത് വിപണിയിലെ ആരോഗ്യകരമായ മത്സരത്തെ ബാധിക്കുന്നുണ്ടെന്നും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. വിപണിയിൽ ചെറുകിട സ്വതന്ത്ര വ്യാപാരികൾക്ക് തുല്യമായ അവസരങ്ങൾ ലഭ്യമാക്കുന്നതിലൂടെ മാത്രമേ സാധാരണക്കാർക്ക് ആശ്വാസകരമായ രീതിയിൽ വിലക്കുറവ് ഉറപ്പാക്കാൻ സാധിക്കുകയുള്ളൂവെന്ന് കനേഡിയൻ ഫെഡറേഷൻ ഓഫ് ഇൻഡിപെൻഡന്റ് ഗ്രോസേഴ്സ് 
 ചൂണ്ടിക്കാട്ടുന്നു.  

അടുത്ത പത്ത് വർഷത്തേക്കുള്ള പദ്ധതിയിൽ ഭക്ഷ്യ വിതരണ ശൃംഖലകൾ വികസിപ്പിക്കുന്നതിനായി ഒരു ബില്യൺ ഡോളറിൻ്റെ അടിസ്ഥാന സൗകര്യ വികസനവും, ഒപ്പം  കോമ്പറ്റീഷൻ ബ്യൂറോയ്ക്ക് 130 മില്യൺ ഡോളറും സർക്കാർ അനുവദിച്ചിട്ടുണ്ട്. വൻകിട വിതരണക്കാരെ മാത്രം ആശ്രയിക്കേണ്ടി വരുന്ന ചെറുകിട വ്യാപാരികൾക്ക് പുതിയ വിതരണ കേന്ദ്രങ്ങൾ വലിയ സഹായമാകുമെങ്കിലും, ഈ പദ്ധതികളുടെ ഭാവി സാമ്പത്തിക ബാധ്യത നികുതി വർദ്ധനവിലേക്ക് വഴിമാറുമോ എന്ന ആശങ്കയും വ്യാപാരികൾ പങ്കുവെക്കുന്നുണ്ട്. അതേസമയം, പ്രതിപക്ഷം ഈ നയത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. മുൻപ് പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകളൊന്നും ജനങ്ങൾക്ക് പ്രായോഗിക ഗുണം ചെയ്തിട്ടില്ലെന്നും, പുതിയ പ്രഖ്യാപനങ്ങൾക്കിടയിലും രാജ്യത്ത് ഭക്ഷ്യവില വർദ്ധിക്കുകയാണെന്നും അവർ ആരോപിക്കുന്നു