ടെക്‌സസില്‍ ന്യൂ വേള്‍ഡ് സ്‌ക്രൂവേം ബാധിച്ച മൃഗങ്ങളുടെ എണ്ണം 10 ആയി; ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് സംസ്ഥാനത്ത് അടിയന്തരാവസ്ഥ  പ്രഖ്യാപിച്ചു

By: 600002 On: Jun 15, 2026, 1:08 PM



പി പി ചെറിയാന്‍


ഓസ്റ്റിന്‍: ടെക്‌സസില്‍ മാംസം തിന്നുന്ന മാരക പരാദ ജീവിയായ 'ന്യൂ വേള്‍ഡ് സ്‌ക്രൂവേം' ബാധിച്ച മൃഗങ്ങളുടെ എണ്ണം പത്തായി ഉയര്‍ന്നതായി അധികൃതര്‍ സ്ഥിരീകരിച്ചു. രോഗവ്യാപനം തടയുന്നതിനായി ടെക്‌സസ് ആനിമല്‍ ഹെല്‍ത്ത് കമ്മീഷന്‍ സംസ്ഥാനത്തെ അഞ്ച് പ്രദേശങ്ങളെ 'രോഗബാധിത മേഖലകളായി'  പ്രഖ്യാപിച്ച് കര്‍ശന ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി.

കന്നുകാലികളെയും വന്യജീവികളെയും വളര്‍ത്തുമൃഗങ്ങളെയും ഒരുപോലെ ബാധിക്കുന്ന ഈ പരാദകീടം ടെക്‌സസിലെ വലിയ ക്ഷീര-കന്നുകാലി വ്യവസായത്തിന് കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്.  കര്‍ശന നിയന്ത്രണങ്ങളുമായി അധികൃതര്‍രോഗവ്യാപനം തടയുന്നതിനായി ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് സംസ്ഥാനത്ത് അടിയന്തരാവസ്ഥ  പ്രഖ്യാപിക്കുകയും സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ സജീവമാക്കുകയും ചെയ്തിട്ടുണ്ട്.

കോക്ക്, എഡ്വേര്‍ഡ്സ്, ഗില്ലെസ്പി, കെര്‍, കിംബിള്‍, ലാ സാലെ, സട്ടണ്‍, ടോം ഗ്രീന്‍, ഉവാല്‍ഡെ, വാല്‍ വെര്‍ഡെ, വെബ്, സവാല എന്നീ കൗണ്ടികളാണ് നിലവില്‍ നിയന്ത്രണങ്ങളിലുള്ളത്. ഈ മേഖലകളില്‍ നിന്ന് പശു, ആട്, നായ തുടങ്ങിയ ചൂടുരക്തമുള്ള മൃഗങ്ങളെ പ്രത്യേക അനുമതിയില്ലാതെ പുറത്തേക്ക് കൊണ്ടുപോകുന്നത് നിരോധിച്ചു. കന്നുകാലികളിലും ആടുകളിലുമാണ് നിലവില്‍ രോഗബാധ കണ്ടെത്തിയിട്ടുള്ളത്.

മൃഗങ്ങളുടെ തുറന്ന മുറിവുകളില്‍ ഈച്ചകള്‍ മുട്ടയിടുകയും, അതില്‍ നിന്ന് പുറത്തുവരുന്ന ലാര്‍വകള്‍ ജീവനുള്ള മാംസം തിന്നുതീര്‍ക്കുകയുമാണ് ചെയ്യുന്നത്. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ മൃഗങ്ങള്‍ ചത്തുപോകാന്‍ ഇത് കാരണമാകും. ഈച്ചകളുടെ വംശവര്‍ദ്ധനവ് തടയാന്‍ വന്ധ്യംകരിച്ച ദശലക്ഷക്കണക്കിന് ആണ്‍ ഈച്ചകളെ പരിസ്ഥിതിയിലേക്ക് തുറന്നുവിട്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യുഎസ് കൃഷിവകുപ്പ് ശക്തമാക്കിയിട്ടുണ്ട്. മനുഷ്യരിലേക്ക് രോഗം പടരാനുള്ള സാധ്യത വളരെ കുറവാണെന്നും അധികൃതര്‍ വ്യക്തമാക്കി.