കാനഡയിൽ ജനങ്ങളുടെ വരുമാനത്തേക്കാൾ വേഗത്തിൽ ഗാർഹിക കടം വർദ്ധിക്കുന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ റിപ്പോർട്ട്. തുടർച്ചയായ ആറാമത്തെ ക്വാർട്ടറിലാണ് രാജ്യത്തെ ഗാർഹിക കടം വരുമാനത്തെക്കാൾ ഉയർന്ന നിരക്കിൽ രേഖപ്പെടുത്തുന്നത്. പുതിയ കണക്കുകൾ പ്രകാരം, കാനഡയിലെ ജനങ്ങളുടെ ഡിസ്പോസബിൾ ഇൻകവും ക്രെഡിറ്റ് മാർക്കറ്റ് കടവും തമ്മിലുള്ള അനുപാതം 179.6 ശതമാനമായി ഉയർന്നു. അതായത്, ഒരു കനേഡിയൻ പൗരൻ സമ്പാദിക്കുന്ന ഓരോ ഡോളറിനും ഏകദേശം 1.80 ഡോളർ എന്ന നിരക്കിൽ കടബാധ്യതയുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.
ഈ വർഷം ആദ്യ പാദത്തിൽ കാനഡക്കാരുടെ മൊത്തം വായ്പയെടുക്കൽ തോത് 35.5 ബില്യൺ ഡോളറായി ഉയർന്നിട്ടുണ്ട്. മുൻ വർഷത്തിൽ ഇത് 34.5 ബില്യൺ ഡോളറായിരുന്നു. ഭവന വായ്പകളിൽ നേരിയ കുറവുണ്ടായെങ്കിലും, ഉപഭോക്തൃ വായ്പകളിലും ഇതര വായ്പകളിലും ഉണ്ടായ വർദ്ധനവാണ് കടബാധ്യത കുതിച്ചുയരാൻ കാരണമായത്. ഇതോടൊപ്പം, പലിശയും മുതലും അടക്കമുള്ള തിരിച്ചടവുകൾക്കായി വരുമാനത്തിന്റെ 14.75 ശതമാനം തുകയും ആളുകൾക്ക് നീക്കിവെക്കേണ്ടി വരുന്നു. ഇത് കനേഡിയൻ കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രതയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.