കോംഗോയില്‍ എബോള പടരുന്നു: മരണം 181 ആയി

By: 600002 On: Jun 15, 2026, 12:20 PM



 

പി പി ചെറിയാന്‍

കിന്‍ഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം 181 ആയി ഉയര്‍ന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 782 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ രോഗബാധ ഇതിലും കൂടുതലായിരിക്കാമെന്നാണ് വിലയിരുത്തല്‍. മേയ് 15-നാണ് രോഗം സ്ഥിരീകരിച്ചതെങ്കിലും ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ ഇത് പടര്‍ന്നുതുടങ്ങിയിരുന്നു. നിലവില്‍ കോണ്‍ടാക്റ്റ് ട്രേസിങ് (സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കല്‍) 56 ശതമാനം മാത്രമാണ്.

മുന്‍പുണ്ടായ എബോള ബാധകളില്‍ നിന്ന് വ്യത്യസ്തമായി, 'ബുന്ദിബുഗ്യോ' (Bundibugyo) എന്ന അപൂര്‍വ വൈറസാണ് ഇത്തവണ രോഗമുണ്ടാക്കുന്നത്. ഇതിന് അംഗീകൃത വാക്‌സിനുകളോ പ്രത്യേക ചികിത്സയോ ലഭ്യമല്ല.

കിഴക്കന്‍ പ്രവിശ്യയായ ഇറ്റൂരിയിലാണ് (Ituri) 90 ശതമാനം കേസുകളും. അയല്‍രാജ്യമായ ഉഗാണ്ടയിലേക്കും രോഗം പടര്‍ന്നിട്ടുണ്ട്.

പ്രദേശത്തെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ കാരണം ലക്ഷക്കണക്കിന് ആളുകള്‍ പലായനം ചെയ്യുന്നതും, ഖനിത്തൊഴിലാളികളുടെ നിരന്തരമായ യാത്രകളും, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളെയും സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നതിനെയും സങ്കീര്‍ണ്ണമാക്കുന്നു. നിലവില്‍ 23 ശതമാനമാണ് മരണനിരക്ക്. 56 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.