പി പി ചെറിയാന്‍
ലോകചരിത്രത്തിലെ ഏറ്റവും വലിയ കാലാവസ്ഥാ ദുരന്തങ്ങളിലൊന്നായ 1877-ലെ ആഗോള വരള്‍ച്ചയ്ക്കും പട്ടിണിക്കും സമാനമായ സാഹചര്യം 2026-ല്‍ വീണ്ടും ഉണ്ടായേക്കാമെന്ന് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. അന്ന് ലോകമെമ്പാടുമായി ഏകദേശം 5 കോടിയോളം (50 Million) ആളുകളുടെ ജീവനെടുത്ത 'സൂപ്പര്‍ എല്‍ നിന്യോ' (Super El Niño) പ്രതിഭാസം ഈ വര്‍ഷവും ശക്തമാകാനുള്ള സാധ്യതയാണ് വിലയിരുത്തപ്പെടുന്നത്.
പസഫിക് സമുദ്രത്തിലെ ജലതാപനില ക്രമാതീതമായി ഉയരുന്ന 'എല്‍ നിന്യോ' പ്രതിഭാസം 2026-ല്‍ റെക്കോര്‍ഡ് തീവ്രത കൈവരിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.ഭക്ഷ്യക്ഷാമവും പണപ്പെരുപ്പവും: ആഗോളതലത്തില്‍ കാര്‍ഷിക ഉല്‍പ്പാദനം 14 ശതമാനം വരെ കുറയാന്‍ ഇത് കാരണമായേക്കാം. അരി, ഗോതമ്പ്, കാപ്പി, കരിമ്പ്, എണ്ണക്കുരുക്കള്‍ എന്നിവയുടെ ഉല്‍പ്പാദനത്തെ ഇത് ഗുരുതരമായി ബാധിക്കും. വിപണിയില്‍ 50 മുതല്‍ 100 ശതമാനം വരെ വിലക്കയറ്റത്തിന് ഇത് വഴിവെച്ചേക്കാം.
ചില രാജ്യങ്ങളില്‍ കടുത്ത വരള്‍ച്ചയും ഉഷ്ണതരംഗവും ഉണ്ടാകുമ്പോള്‍, മറ്റു ചിലയിടങ്ങളില്‍ വന്‍ പ്രളയങ്ങള്‍ക്കും ഇത് കാരണമാകും. ഇന്ത്യയുള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ കാലവര്‍ഷം ദുര്‍ബലമാകാന്‍ ഇത് ഇടയാക്കിയേക്കാം.
മറ്റ് പ്രതിസന്ധികള്‍: നിലവിലെ അന്താരാഷ്ട്ര സംഘര്‍ഷങ്ങളും വളത്തിന്റെ ക്ഷാമവും പ്രതിസന്ധിയുടെ ആഘാതം ഇരട്ടിയാക്കുമെന്നാണ് ലോകബാങ്കും ഐക്യരാഷ്ട്ര സംഘടനയും നല്‍കുന്ന മുന്നറിയിപ്പ്.
1877-78 കാലഘട്ടത്തിലുണ്ടായ അതിശക്തമായ എല്‍ നിന്യോ പ്രതിഭാസം ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ കടുത്ത ക്ഷാമമുണ്ടാക്കുകയും കോടിക്കണക്കിന് ആളുകള്‍ പട്ടിണി കിടന്നു മരിക്കാന്‍ ഇടയാക്കുകയും ചെയ്തിരുന്നു. മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തമായാണ് ഇത് കണക്കാക്കപ്പെടുന്നത്.