ട്രംപിന്റെ 80-ാം ജന്മദിനാഘോഷം: വൈറ്റ് ഹൗസ് മുറ്റത്ത് ചരിത്രത്തിലാദ്യമായി യു.എഫ്.സി പോരാട്ടം

By: 600002 On: Jun 15, 2026, 11:55 AM

 

 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി സി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 80-ാം ജന്മദിനാഘോഷങ്ങളുടെയും അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാര്‍ഷികത്തിന്റെയും ഭാഗമായി ഞായറാഴ്ച വൈകീട്ട് വൈറ്റ് ഹൗസിന്റെ തെക്കേ മുറ്റത്ത് ചരിത്രത്തിലാദ്യമായി മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് പോരാട്ടം സംഘടിപ്പിച്ചു.

'യു.എഫ്.സി ഫ്രീഡം 250' എന്ന് പേരിട്ട ഈ മത്സരത്തിനായി വൈറ്റ് ഹൗസ് വളപ്പില്‍ പ്രത്യേകം താല്‍ക്കാലിക സ്റ്റേഡിയവും കേജും (റിംഗ്) ഒരുക്കിയിരുന്നു.  വൈറ്റ് ഹൗസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രൊഫഷണല്‍ കായിക മത്സരം ഇവിടെ അരങ്ങേറുന്നത്. യു.എഫ്.സി ചീഫ് ഡാന വൈറ്റും ട്രംപും ഒന്നിച്ച് ഓവല്‍ ഓഫീസില്‍ നിന്ന് മത്സരം കാണാനായി എത്തിയപ്പോള്‍ 'യു.എസ്.എ' വിളികളോടെയാണ് നാലായിരത്തോളം വരുന്ന കാണികള്‍ ഇവരെ സ്വീകരിച്ചത്. 

വ്യവസായ പ്രമുഖരായ മാര്‍ക്ക് സക്കര്‍ബര്‍ഗ് അടക്കമുള്ള പ്രമുഖര്‍ മത്സരം കാണാന്‍ എത്തിയിരുന്നു.മത്സരത്തില്‍ മിഡില്‍വെയ്റ്റ് താരം ബോ നിക്കല്‍ എതിരാളിയായ കൈല്‍ ഡോക്കാസിനെ പരാജയപ്പെടുത്തിയ ശേഷം റിംഗില്‍ വെച്ച് ട്രംപിന് ജന്മദിനാശംസകള്‍ നേര്‍ന്നു. എന്നാല്‍ ട്രംപിന്റെ പ്രത്യേക താല്പര്യപ്രകാരം മത്സരത്തില്‍ പങ്കെടുത്ത ഹെവിവെയ്റ്റ് താരം ഡെറിക് ലൂയിസ്, ജോഷ് ഹോക്കിറ്റിനോട് പരാജയപ്പെട്ടു.

ഏകദേശം 60 ദശലക്ഷം ഡോളറിലധികം ചിലവഴിച്ചാണ് വൈറ്റ് ഹൗസ് മുറ്റത്ത് ഈ മത്സരവേദി ഒരുക്കിയത്. ഇതിനിടെ, ഈ പരിപാടിക്കെതിരെ വിമര്‍ശനം ഉന്നയിച്ച യു.എഫ്.സി ചാമ്പ്യന്‍ സീന്‍ സ്ട്രിക്ലാന്‍ഡിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിസരത്തുനിന്ന് ഹോട്ടലിലേക്ക് മാറ്റി.