നഗരത്തെ ഹരിതാഭമാക്കുന്നതിനായി കാൽഗറി നഗരസഭ നടപ്പിലാക്കുന്ന 'ബ്രാഞ്ചിംഗ് ഔട്ട്' പദ്ധതി ജനശ്രദ്ധയാകർഷിക്കുന്നു. നഗരത്തിലെ വൃക്ഷങ്ങളുടെ സാന്നിധ്യം നിലവിലുള്ള 10 ശതമാനത്തിൽ നിന്നും 2060 ഓടെ 16 ശതമാനമായി ഉയർത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിൻ്റെ ഭാഗമായി ഈ വർഷം 10,000 തൈകളാണ് ജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുന്നത്.
മരങ്ങൾ കുറവുള്ള വടക്ക്-കിഴക്കൻ, തെക്ക്-കിഴക്കൻ മേഖലകളിലെ ജനവാസ കേന്ദ്രങ്ങൾക്കാണ് പദ്ധതിയിൽ കൂടുതൽ മുൻഗണന നൽകുന്നത്. ഈ വാരാന്ത്യത്തിൽ തെക്ക്-കിഴക്കൻ മേഖലയിലായിരുന്നു തൈകളുടെ വിതരണം. തൈകൾ സ്വന്തമാക്കാൻ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വിലകൂടിയ മരത്തൈകൾ തികച്ചും സൗജന്യമായി ലഭിക്കുന്നത് വലിയൊരു ആശ്വാസമാണെന്ന് നാട്ടുകാർ പ്രതികരിച്ചു.
മഴവെള്ളം മണ്ണിലേക്ക് ഇറങ്ങാനും, കടുത്ത ചൂടിൽ നിന്നും വീടുകൾക്ക് തണലേകാനും, പക്ഷികൾക്കും ജീവജാലങ്ങൾക്കും താവളമൊരുക്കാനും ഈ പദ്ധതി സഹായിക്കുമെന്ന് നഗരസഭാ അധികൃതർ വ്യക്തമാക്കി. 2019-ൽ വെറും 500 തൈകളുമായി തുടങ്ങിയ ഈ പദ്ധതിക്ക് ഇപ്പോൾ വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. കഴിഞ്ഞ വർഷം 5,000 തൈകൾ വിതരണം ചെയ്ത സ്ഥാനത്ത്, ഇത്തവണ അത് ഇരട്ടിയാക്കി 10,000 ആയി ഉയർത്തുകയായിരുന്നു. ഇതിൽആറായിരവും മാറ്റിവെച്ചിരിക്കുന്നത് മരങ്ങൾ ഏറ്റവും കുറവുള്ള കിഴക്കൻ മേഖലകൾക്കായാണ്.
ജൂൺ 20, 21 തീയതികളിലെ വാരാന്ത്യത്തോടെ ഈ വർഷത്തെ തൈ വിതരണം അവസാനിക്കും. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും നഗരജീവിതം കൂടുതൽ മനോഹരമാക്കാനും ജനങ്ങളും ഭരണകൂടവും കൈകോർക്കുന്ന ഈ പദ്ധതി കാൽഗറിയുടെ ഹരിതഭാവിയുടെ പ്രതീകമായി മാറിക്കഴിഞ്ഞു.