കാനഡയിലെ ഒൻ്റാരിയോയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ അഞ്ച് കുട്ടികൾ മരിച്ചു. ഒരു കുഞ്ഞ് ഉൾപ്പെടെ ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. വെല്ലിംഗ്ടൺ കൗണ്ടിയിലാണ് ഒരു യാത്രാ വാനും എസ്‌യുവി കാറും കൂട്ടിയിടിച്ച് ഈ വൻ ദുരന്തമുണ്ടായത്.
വെള്ളിയാഴ്ച രാത്രി 7:30 ഓടെയായിരുന്നു അപകടം. പത്ത് പേർ സഞ്ചരിച്ചിരുന്ന വാനും ഒരാൾ മാത്രം ഉണ്ടായിരുന്ന എസ്‌യുവി കാറുമാണ് കൂട്ടിയിടിച്ചത്. മരിച്ച കുട്ടികളിൽ നാല് പെൺകുട്ടികളും ഒരു ആൺകുട്ടിയും ഉൾപ്പെടുന്നു. നാല് മുതൽ പന്ത്രണ്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. വാനിലുണ്ടായിരുന്ന നാല് മുതിർന്നവർക്കും ഒരു കുഞ്ഞിനും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. എസ്‌യുവി ഓടിച്ചിരുന്ന ആളും ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. പരിക്കേറ്റവരിൽ മൂന്ന് പേരെ എയർ ആംബുലൻസ് വഴി വിദഗ്ധ ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റി. മറ്റുള്ളവരെ സമീപത്തെ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
ഒരേ കുടുംബത്തിലെ അഞ്ച് പിഞ്ചുകുഞ്ഞുങ്ങളുടെ വേർപാട് കനത്ത ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ഒൻ്റാരിയോ പോലീസ് അറിയിച്ചു. ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടം നേരിൽ കണ്ടവരോ, ആ സമയത്തെ ഡാഷ്‌കാം ദൃശ്യങ്ങൾ കൈവശമുള്ളവരോ വിവരങ്ങൾ കൈമാറണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. ഒരേ കുടുംബത്തിലെ അഞ്ച് ജീവനുകൾ ഒന്നിച്ച് പൊലിഞ്ഞത് കാനഡയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.