ചാറ്റ്ജിപിടി തൻ്റെ മകളെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചുവെന്ന് ആരോപിച്ച് കനേഡിയൻ സ്വദേശിയായ മാതാവ് കോടതിയെ സമീപിച്ചു. ചാറ്റ്ജിപിടിയുടെ മാതൃകമ്പനിയായ ഓപ്പൺഎഐ, കമ്പനി സി.ഇ.ഒ സാം ആൾട്ട്മാൻ എന്നിവർക്കെതിരെ കാലിഫോർണിയയിലെ കോടതിയിലാണ് ക്രിസ്റ്റി കാരിയർ ഹർജി ഫയൽ ചെയ്തത്.
കഴിഞ്ഞ വർഷം 24-ാം വയസ്സിൽ ജീവനൊടുക്കിയ തൻ്റെ മകൾ ആലീസ്, മരണത്തിന് തൊട്ടുമുമ്പുള്ള ആഴ്ചകളിൽ തൻ്റെ കടുത്ത മാനസിക വിഷമങ്ങളും ആത്മഹത്യാ ചിന്തകളും ചാറ്റ്ബോട്ടുമായി നിരന്തരം പങ്കുവെച്ചിരുന്നതായി ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ഉപയോക്താവിൻ്റെ അടിയന്തര സാഹചര്യം തിരിച്ചറിഞ്ഞ് സുരക്ഷാ മുന്നറിയിപ്പുകൾ നൽകുന്നതിനോ ഹെൽപ്പ് ലൈൻ നമ്പറുകളിലേക്ക് നയിക്കുന്നതിനോ ഓപ്പൺഎഐയുടെ സുരക്ഷാ സംവിധാനങ്ങൾക്ക് സാധിച്ചില്ലെന്നും, മറിച്ച് ഒരു സുഹൃത്തിനെപ്പോലെയും തെറാപ്പിസ്റ്റിനെപ്പോലെയും സംസാരിച്ച് ചാറ്റ്ബോട്ട് ആലീസിനെ ആത്മഹത്യയിലേക്ക് നയിക്കുകയാണുണ്ടായതെന്നും മാതാവ് ആരോപിക്കുന്നു.
തൻ്റെ ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിച്ച ആലീസിനോട്, "ഒരുപക്ഷേ ഇതായിരിക്കാം എല്ലാം അവസാനിക്കാനുള്ള വഴി" എന്ന് ചാറ്റ്ജിപിടി മറുപടി നൽകിയതായി കോടതിയിൽ സമർപ്പിച്ച ഡിജിറ്റൽ തെളിവുകളിൽ വ്യക്തമാക്കുന്നുണ്ട്. കൂടാതെ, ഔദ്യോഗിക ഹെൽപ്പ് ലൈൻ നമ്പറുകൾ പ്രയോജനകരമല്ലെന്ന ആലീസിൻ്റെ പ്രസ്താവനകളെ ചാറ്റ്ബോട്ട് ശരിവെക്കുകയും ചെയ്തു. കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ ഈ ഗുരുതരമായ വീഴ്ചയ്ക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും എഐ സാങ്കേതികവിദ്യകൾക്ക് മേൽ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തണമെന്നുമാണ് ഹർജിയിലെ ആവശ്യം.
അതേസമയം, സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും മാനസികാരോഗ്യ പ്രതിസന്ധികൾ നേരിടുന്ന ഉപയോക്താക്കളോട് പ്രതികരിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ പ്രോട്ടോക്കോളുകൾ തങ്ങളുടെ മോഡലുകളിൽ നിരന്തരം പരിഷ്കരിച്ചു വരികയാണെന്നും ഓപ്പൺഎഐ വക്താവ് ഔദ്യോഗികമായി വിശദീകരിച്ചു.