കനേഡിയൻ പ്രധാനമന്ത്രിയുടെ വിമാനയാത്രകളിലെ ഭക്ഷണച്ചെലവ് വിവാദത്തിൽ

By: 600110 On: Jun 13, 2026, 1:38 PM

കനേഡിയൻ പ്രധാനമന്ത്രിയുടെ വിമാനയാത്രകളിലെ ഭക്ഷണച്ചെലവ് വിവാദത്തിൽ. കാനഡയിലെ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട രേഖകൾ പ്രകാരം, പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ആദ്യ വർഷത്തെ ഔദ്യോഗിക വിമാനയാത്രകളിൽ ഭക്ഷണച്ചെലവായി ഏകദേശം ഒരു മില്യൺ കനേഡിയൻ ഡോളർ ചെലവഴിച്ചതായാണ് റിപ്പോർട്ട് . ഓർഡർ പേപ്പർ ക്വസ്റ്റൻസ് പ്രകാരം  പുറത്തുവന്ന ഈ വിവരങ്ങളെ തുടർന്ന് സർക്കാർ ചെലവുകളെക്കുറിച്ച് ശക്തമായ വിമർശനങ്ങൾ ആണ്  ഉയരുന്നത്.

28 ഔദ്യോഗിക യാത്രകൾക്കിടെ വിമാനത്തിൽ ഭക്ഷണത്തിനായി ചെലവഴിച്ച തുകയാണ് പുറത്തു വന്നത്.  മൊത്തം തുകയിൽ 2025 മെയ് മാസത്തിൽ റോമിലേക്കുള്ള യാത്രയ്ക്കായി മാത്രം 93,780 ഡോളർ ചെലവഴിച്ചു. ഇതാണ്  ഏറ്റവും വലിയ ബിൽ.  “അതിരുകടന്ന ആഡംബരം” എന്നാണ്  കനേഡിയൻ ടാക്സ്‌പേയേഴ്സ് ഫെഡറേഷൻ ഡയറക്ടർ ഫ്രാങ്കോ ടെറസ്സാനോ ചെലവുകളെ വിശേഷിപ്പിച്ചത്.  

ലണ്ടൻ, റോം, ബ്രസ്സൽസ് തുടങ്ങിയ  നഗരങ്ങളിലേക്കുള്ള യാത്രകളിൽ ബീഫ് ടെൻഡർലോയിൻ, ആഡംബര നോർമണ്ടി ബട്ടർ, ഉയർന്ന വിലയുള്ള വൈനുകൾ എന്നിവയുൾപ്പെടെയുള്ള വിഭവങ്ങളാണ് വിമാനത്തിൽ വിളമ്പിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഓട്ടവയിൽ നിന്നും വാഷിംഗ്ടണിലേക്ക് നടത്തിയ ഒരു ഹ്രസ്വ സന്ദർശന വേളയിൽ, വിമാനത്തിൻ്റെ ഇന്ധനച്ചെലവിനേക്കാൾ പതിനൊന്ന് മടങ്ങ് അധിക തുകയാണ് ഭക്ഷണത്തിനായി മാത്രം ചിലവഴിച്ചത്.

എന്നാൽ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ ചില അപാകതകൾ ഉള്ളതായും, സുരക്ഷാ ഉദ്യോഗസ്ഥരടക്കം വലിയൊരു സംഘം യാത്ര ചെയ്യുന്നതിനാലാണ് തുക വർദ്ധിച്ചതെന്നുമാണ് സർക്കാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ വിശദീകരണം.