ആൽബർട്ട കാനഡയിൽ നിന്ന് വേർപിരിയുന്നതുമായി ബന്ധപ്പെട്ട് പഠനം ആരംഭിക്കാനൊരുങ്ങി കാൽഗറി സർവ്വകലാശാല. കാനഡയിൽ നിന്ന് ആൽബർട്ട വേർപിരിഞ്ഞാൽ ഉണ്ടാകാവുന്ന സാമ്പത്തിക പ്രത്യാഘാതങ്ങൾ വിലയിരുത്താനാണ് സർവ്വകലാശാലയെ സർക്കാർ നിയോഗിച്ചത്.
വേർപിരിയലുമായി ബന്ധപ്പെട്ട ജനഹിത പരിശോധന ഒക്ടോബർ 19-നാണ് നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കാൻ സ്വതന്ത്ര പഠന റിപ്പോർട്ട് ജനങ്ങളെ സഹായിക്കുമെന്നാണ് പ്രതീക്ഷ. വേർപിരിയലിൻ്റെ ചെലവുകൾ, സാമ്പത്തിക പ്രത്യാഘാതങ്ങൾ, നേട്ടങ്ങൾ, അപകടങ്ങൾ എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണ നൽകുക എന്നതാണ് പഠനത്തിൻ്റെ ലക്ഷ്യമെന്ന് സർവകലാശാല ഡയറക്ടർ മാർത്ത ഹാൾ ഫിൻഡ്ലേ വ്യക്തമാക്കി.
വിദഗ്ധ ഉപദേശക സമിതിയുടെ അധ്യക്ഷൻ ഡോ. ജാക്ക് മിൻ്റ്സ് സർവകലാശാലയ്ക്ക് നിർദേശങ്ങൾ നൽകും. അന്തിമ റിപ്പോർട്ട് വേനൽക്കാലാവസാനത്തോടെ പ്രസിദ്ധീകരിക്കപ്പെടും. വേർപിരിയൽ ഉണ്ടായാൽ ഏകദേശം 400 ബില്യൺ ഡോളർ ട്രാൻസിഷൻ ചെലവും വാർഷികമായി 25 മുതൽ 50 ബില്യൺ ഡോളർ വരെ അധിക ചെലവും ഉണ്ടാകുമെന്ന് പ്രീമിയർ ഡാനിയൽ സ്മിത്ത് മുന്നറിയിപ്പ് നൽകിയിരുന്നു. സാമ്പത്തിക വിദഗ്ധൻ ഡോ. ട്രെവർ ടോംബ്, ആൽബർട്ടയുടെ സമ്പദ്‌വ്യവസ്ഥ നാല് ശതമാനം വരെ ചുരുങ്ങുകയും തൊഴിൽ നഷ്ടങ്ങളും ജനസംഖ്യാ കുറവും സംഭവിക്കാമെന്നും വിലയിരുത്തിയിട്ടുണ്ട്.