പി.പി ചെറിയാന്‍
ഹൂസ്റ്റണ്‍: ഹാരിസ് കൗണ്ടിയിലെ ജീവനക്കാര്‍ക്ക് മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും മനസ്സ് ശാന്തമാക്കുന്നതിനുമായി ശമ്പളത്തോടുകൂടിയ പ്രത്യേക അവധി നല്‍കുന്ന കാര്യം അധികൃതര്‍ പരിഗണിക്കുന്നു. ഹാരിസ് കൗണ്ടി ജഡ്ജിയായ ലിന ഹിഡാല്‍ഗോയാണ് കമ്മീഷണര്‍ കോടതിയില്‍ ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.
മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ക്ക് മാത്രമല്ല, അനാഥക്കുട്ടികള്‍, ഗാര്‍ഹിക പീഡനത്തിന് ഇരയായവര്‍, വയോധികര്‍ തുടങ്ങിയവരുമായി നിരന്തരം ഇടപഴകി കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന കൗണ്ടി ജീവനക്കാര്‍ക്കെല്ലാം ഈ അവധി പ്രയോജനപ്പെടും. ഇതിനകം തന്നെ ഹാരിസ് കൗണ്ടിയിലെ ഷെരീഫ് ഓഫീസിലും ഹാരിസ് ഹെല്‍ത്തിലും ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇത്തരം അവധികള്‍ നല്‍കിവരുന്നുണ്ട്. ഡാല്ലസ്, ഫോര്‍ട്ട് ബെന്‍ഡ് തുടങ്ങിയ ടെക്‌സാസിലെ മറ്റ് ചില നഗരങ്ങളും നിലവില്‍ ജീവനക്കാര്‍ക്ക് വെല്‍നസ് അവധികള്‍ നല്‍കുന്നുണ്ട്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ആഗോളതലത്തില്‍ കോടിക്കണക്കിന് പ്രവൃത്തിദിനങ്ങളും വന്‍ സാമ്പത്തിക നഷ്ടവുമാണ് ഉണ്ടാകുന്നത്.
ഈ പുതിയ നയം നടപ്പിലാക്കുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയെക്കുറിച്ച് വരും മാസങ്ങളില്‍ പഠനം നടത്തും. ഓഗസ്റ്റില്‍ നടക്കുന്ന യോഗത്തില്‍ അന്തിമ തീരുമാനമുണ്ടായാല്‍, ഈ വര്‍ഷം ശരത്കാലത്തോടെ (Fall) പുതിയ പദ്ധതി പ്രാബല്യത്തില്‍ വരുമെന്ന് ലിന ഹിഡാല്‍ഗോ അറിയിച്ചു.