പി.പി ചെറിയാന്‍
എവര്‍മാന്‍ (ടെക്‌സാസ്): തനിക്ക് പരിചയമുള്ള ഒരു സ്ത്രീയെ വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ മറ്റൊരാള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയ മുന്‍ ഡെപ്യൂട്ടി ഫയര്‍ ചീഫ് ജോയല്‍ ജോണ്‍സിന് (54) ടാരന്റ് കൗണ്ടി കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കേസില്‍ കുറ്റക്കാരനാണെന്ന് ഇയാള്‍ സമ്മതിച്ചിരുന്നു.
2025 ഫെബ്രുവരിയിലായിരുന്നു സംഭവം. കടുത്ത കത്തോലിക്കാ വിശ്വാസിയായ സ്ത്രീയുടെ വിശ്വാസം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ജോണ്‍സ് ഈ ക്രൂരത ആസൂത്രണം ചെയ്തത്. ഇതിനായി ടൊബാസിയ ഗ്രിഫിത്ത്‌സ് (31) എന്നയാളെ ഇയാള്‍ വാടകയ്ക്കെടുക്കുകയും, ഇത് സ്ത്രീയുടെ സമ്മതത്തോടെയുള്ള ഒരു ലൈംഗിക ഫന്റാസി ആണെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.
അക്രമിയായ ഗ്രിഫിത്ത്‌സ് സ്ത്രീയുടെ കിടപ്പുമുറിയില്‍ അതിക്രമിച്ചു കയറി ക്രൂരമായി ഉപദ്രവിച്ചെങ്കിലും, അവര്‍ ശക്തമായി പ്രതിരോധിക്കുകയും ബാത്‌റൂമില്‍ പോകാനെന്ന വ്യാജേന അവിടെനിന്ന് ഓടി രക്ഷപ്പെടുകയുമായിരുന്നു. അക്രമത്തിന് ശേഷം ഭയന്നുപോയ സ്ത്രീ സഹായത്തിനായി ആദ്യം വിളിച്ചത് ഈ ക്രൂരത ആസൂത്രണം ചെയ്ത ജോണ്‍സിനെത്തന്നെയായിരുന്നു.
സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ ജോണ്‍സ് പോലീസിനെ വിളിക്കുകയും സ്ത്രീയെ സഹായിക്കുന്നതായി അഭിനയിക്കുകയും ചെയ്തു. പീഡന ദൃശ്യങ്ങളുടെ ഓഡിയോ റെക്കോര്‍ഡ് ചെയ്യാനും ഇയാള്‍ അക്രമിയോട് ആവശ്യപ്പെട്ടിരുന്നു.
കോടതിയില്‍ കുറ്റം സമ്മതിച്ച അക്രമി ഗ്രിഫിത്ത്‌സ് അന്വേഷണവുമായി സഹകരിച്ചു. ജോണ്‍സിന്റെ ക്രൂരമായ മാനസികാവസ്ഥയും തെളിവുകളും ബോധ്യപ്പെട്ട ജൂറി, വെറും 20 മിനിറ്റിനുള്ളിലാണ് ഇയാള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.