കാനഡയിൽ നിന്ന് വേർപെട്ടാൽ ആൽബർട്ടയിലെ ഭവന വായ്പകളെയും ബാങ്കിംഗ് മേഖലയെയും ബാധിക്കുമോയെന്ന ആശങ്കയിൽ ജനങ്ങൾ

By: 600110 On: Jun 13, 2026, 7:00 AM

കാനഡയിൽ നിന്ന് വേർപിരിഞ്ഞാൽ ആൽബർട്ടയിലെ മോർട്ട്ഗേജ് (ഭവന വായ്പ) സംവിധാനത്തെയും ബാങ്കിംഗ് മേഖലയെയും ഹൗസിംഗ് മാർക്കറ്റിനെയും എങ്ങനെ ബാധിക്കുമെന്ന ആശങ്ക ജനങ്ങൾക്കിടയിൽ സജീവമാകുന്നു. വേർപിരിയൽ ഉണ്ടായാലും നിലവിലുള്ള മോർട്ട്ഗേജ് കരാറുകൾക്ക് നിയമസാധുത ഉണ്ടാകുമെങ്കിലും, ബാങ്കുകളുടെ പ്രവർത്തനം, കറൻസി, പുതിയ സാമ്പത്തിക നിയന്ത്രണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അനിശ്ചിതത്വം സാധാരണക്കാരെ പ്രതിസന്ധിയിലാക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

 നിലവിലുള്ള മോർട്ട്ഗേജുകളും ലോണുകളും നിലവിലെ അവസ്ഥയിൽ തന്നെ തുടരുമെന്നാണ് വേർപിരിയലിനെ അനുകൂലിക്കുന്ന 'ആൽബർട്ട പ്രോസ്പെരിറ്റി പ്രോജക്റ്റ്' പോലുള്ള സംഘടനകൾ വാദിക്കുന്നത് . ഒരാൾ മറ്റൊരു രാജ്യത്തേക്ക് മാറിയാലും അയാളുടെ കാർ ലോൺ അടവ് തുടരേണ്ടി വരുന്നതു പോലെ ലളിതമാണ് ഇതെന്നാണ് ഇവരുടെ പക്ഷം. കാനഡയിലെ പ്രമുഖ ബാങ്കുകളെല്ലാം സ്വതന്ത്ര ആൽബർട്ടയിൽ പ്രവർത്തിക്കാൻ അനുമതി തേടുമെന്നും അതിനാൽ ഈ മാറ്റം സുഗമമായിരിക്കുമെന്നും ഇവർ അവകാശപ്പെടുന്നു.
 
എന്നാൽ സാമ്പത്തിക വിദഗ്ധർ ഈ വാദങ്ങളെ പൂർണ്ണമായി അംഗീകരിക്കുന്നില്ല. കാനഡയിലെ ഏറ്റവും വലിയ ആറ് ബാങ്കുകളായ RBC, TD, Scotiabank, BMO, CIBC, National Bank എന്നിവയൊന്നും തന്നെ സ്വതന്ത്ര ആൽബർട്ടയിൽ സർവീസ് തുടരുമോ എന്ന കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. കനേഡിയൻ ബാങ്കേഴ്സ് അസോസിയേഷനും ഈ വിഷയത്തിൽ വ്യക്തത വരുത്താൻ തയ്യാറായിട്ടില്ല.

സ്വതന്ത്ര രാജ്യമായാൽ ആൽബർട്ടയ്ക്ക് സ്വന്തമായി ഒരു സെൻട്രൽ ബാങ്കും റെഗുലേറ്ററി സംവിധാനവും വേണ്ടി വരും. ആൽബർട്ട സ്വന്തമായി ഒരു കറൻസി തുടങ്ങിയാൽ അതുമായി പൊരുത്തപ്പെടാൻ ബാങ്കുകൾ ബുദ്ധിമുട്ടും. അതല്ല, യു.എസ് ഡോളറാണ് സ്വീകരിക്കുന്നതെങ്കിൽ, അമേരിക്കൻ ഫെഡറൽ റിസർവിൻ്റെ നയങ്ങൾക്ക് ആൽബർട്ട പൂർണ്ണമായും കീഴടങ്ങേണ്ടി വരും. എണ്ണവിലയിലെ ചാഞ്ചാട്ടങ്ങൾ ആൽബർട്ടയിലെ സെൻട്രൽ ബാങ്കിൻ്റെ പലിശ നിരക്കുകളെയും കടുത്ത രീതിയിൽ ബാധിച്ചേക്കാം.  വേർപിരിയൽ സംബന്ധിച്ച്  വോട്ടെടുപ്പ് നടക്കുന്നതിന് മുൻപ്, മോർട്ട്ഗേജുകളെയും ബാങ്കിംഗിനെയും കുറിച്ച് കൃത്യവും ലളിതവുമായ മറുപടികൾ ജനങ്ങൾക്ക് ലഭിക്കേണ്ടതുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.