ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് ആദരമർപ്പിച്ച് കാൽഗറി, എഡ്മൻ്റൺ പൊലീസ് സേനകൾ

By: 600110 On: Jun 13, 2026, 6:40 AM

 

ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് ആദരമർപ്പിച്ച് കാൽഗറി, എഡ്മൻ്റൺ പൊലീസ് സേനകൾ

ഈ ആഴ്ച ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട രണ്ട് ഒൻ്റാരിയോ പൊലീസ് ഉദ്യോഗസ്ഥർക്ക് ആദരമർപ്പിച്ച് കാൽഗറി, എഡ്മൻ്റൺ പൊലീസ് സേനകൾ.  ഇതിൻ്റെ ഭാഗമായി തങ്ങളുടെ ഓഫീസുകളിലെ പതാകകൾ പകുതി താഴ്ത്തിക്കെട്ടി. ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസിലെ കോൺസ്റ്റബിൾ തരുൺ ബാലി, ടൊറൻ്റോ പൊലീസിലെ കോൺസ്റ്റബിൾ മാർക്ക് പിനിസോട്ടോ എന്നിവരാണ് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി കൊല്ലപ്പെട്ടത്. പ്രതികൾക്കെതിരെ ഒന്നാം ഡിഗ്രി കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

കാൽഗറി പൊലീസ് തങ്ങളുടെ ആസ്ഥാന മന്ദിരത്തിന് മുന്നിലും നഗരത്തിലെ വിവിധ ഡിറ്റാച്ച്മെൻ്റുകളിലും പതാകകൾ പകുതി താഴ്ത്തിക്കെട്ടിയാണ് ആദരമർപ്പിച്ചത്. കാനഡയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഡ്യൂട്ടിക്കിടെ മരണപ്പെട്ടാൽ പതാകകൾ പകുതി താഴ്ത്തിക്കെട്ടുന്നത് ഔദ്യോഗിക പ്രോട്ടോക്കോളിൻ്റെ ഭാഗമാണെന്ന് കാൽഗറി പോലീസ് വക്താവ് അറിയിച്ചു. മരണം സ്ഥിരീകരിക്കുന്ന ദിവസം മുതൽ സംസ്കാര ചടങ്ങുകൾ നടക്കുന്ന ദിവസത്തെ സൂര്യാസ്തമയം വരെ പതാകകൾ ഇതേ രീതിയിൽ തുടരും.

ചൊവ്വാഴ്ച ഒൻ്റരിയോയിലെ ഹേർസ്റ്റിൽ വച്ചാണ് തരുൺ ബാലി കൊല്ലപ്പെട്ടത്. ഒരു വാഹന ഡ്രൈവറെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ വാഹനം ഇദ്ദേഹത്തെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 18 വയസ്സുകാരനായ ഡ്രൈവർക്കെതിരെ ഒന്നാം ഡിഗ്രി കൊലക്കുറ്റമടക്കം നിരവധി വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഈ ദുരന്തം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് ടൊറൻ്റോ പൊലീസിൻ്റെ എമർജൻസി ടാസ്ക് ഫോഴ്സിലെ അംഗമായ കോൺസ്റ്റബിൾ മാർക്ക് പിനിസോട്ടോ കൊല്ലപ്പെടുന്നത്. വ്യാഴാഴ്ച പുലർച്ചെ നോർത്ത് യോർക്കിൽ ഒരു സെർച്ച് വാറണ്ട് നടപ്പാക്കുന്നതിനിടെ ഇദ്ദേഹത്തിന് വെടിയേൽക്കുകയായിരുന്നു. സംഭവത്തിൽ 19 വയസ്സുകാരനായ യുവാവിനെതിരെ ഒന്നാം ഡിഗ്രി കൊലക്കുറ്റം ചുമത്തി.

ദുരന്തത്തിൽ കടുത്ത ദുഃഖം രേഖപ്പെടുത്തിയ കാൽഗറി, എഡ്മൻ്റൺ പൊലീസ് സേനകൾ, സഹപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. കാനഡയിലുടനീളമുള്ള പൊലീസ് സേനകളെ ഈ സംഭവം വല്ലാതെ ഉലച്ചിട്ടുണ്ട്. കാൽഗറിയിൽ 12 ഉദ്യോഗസ്ഥരും എഡ്മൻ്റണിൽ 10 ഉദ്യോഗസ്ഥരും ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടിട്ടുണ്ട്. 18-ഉം 19-ഉം വയസ്സുള്ള രണ്ട് യുവാക്കൾ പ്രതികളായ ഈ സംഭവങ്ങൾ, പൊലീസ് ഉദ്യോഗസ്ഥർ നിത്യേന നേരിടുന്ന കടുത്ത സുരക്ഷാ വെല്ലുവിളികളിലേക്കാണ് വിരൽ ചൂണ്ടുന്നത്.