യുവജനങ്ങൾക്ക് എനർജി ഡ്രിങ്കുകൾ നിരോധിക്കുന്ന ആദ്യ കനേഡിയൻ പ്രവിശ്യയായി ക്യുബെക്ക്

By: 600110 On: Jun 12, 2026, 11:52 AM

യുവജനങ്ങൾക്ക് എനർജി ഡ്രിങ്കുകൾ നിരോധിക്കുന്ന ആദ്യ കനേഡിയൻ പ്രവിശ്യയായി ക്യുബെക്ക്. കൗമാരക്കാർക്കിടയിലെ എനർജി ഡ്രിങ്കുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായാണ് ഇത്. 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഉയർന്ന അളവിൽ കഫീൻ അടങ്ങിയ എനർജി ഡ്രിങ്കുകൾ വിൽക്കുന്നതും സൗജന്യമായി നൽകുന്നതും പൂർണ്ണമായും നിരോധിക്കുന്ന 'ബിൽ 9' ക്യുബെക്ക് നാഷണൽ അസംബ്ലി ഐകകണ്ഠ്യേന പാസാക്കി.

ആറ് മാസത്തിനകം പ്രവിശ്യയിലുടനീളം പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപ്രകാരം, എനർജി ഡ്രിങ്കുകൾ വാങ്ങാൻ എത്തുന്നവർ പ്രായം തെളിയിക്കുന്നതിനായി ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് കാണിക്കേണ്ടി വരും. കൂടാതെ ഓൺലൈൻ വഴിയുള്ള വിൽപനയ്ക്കും വെൻഡിംഗ് മെഷീനുകൾ വഴിയുള്ള വിതരണത്തിനും ഈ നിയമം വിലക്കേർപ്പെടുത്തുന്നുണ്ട്. 2024-ൽ എനർജി ഡ്രിങ്കും എ.ഡി.എച്ച്.ഡി മരുന്നും ഒരുമിച്ച് കഴിച്ചതിനെ തുടർന്ന് സക്കറി മിറോൺ എന്ന 15 കാരൻ മരണപ്പെട്ട സംഭവമാണ് ഇത്തരമൊരു നിയമനിർമ്മാണത്തിലേക്ക് സർക്കാരിനെ നയിച്ചത്.  

ഒക്ടോബറിൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി പാർലമെൻ്റ് സമ്മേളനം അവസാനിക്കുന്ന ഘട്ടത്തിൽ സഭയിൽ വലിയ ചർച്ചകൾക്കൊടുവിലാണ് ഈ ബിൽ പാസാക്കിയത്. പുതിയ നിയമം ലംഘിക്കുന്ന കൗമാരക്കാർക്ക് 100 ഡോളറും, ഇവർക്കായി പാനീയങ്ങൾ വാങ്ങി നൽകുന്ന മുതിർന്നവർക്ക് 500 മുതൽ 1,500 ഡോളർ വരെയും പിഴ ഈടാക്കാൻ വ്യവസ്ഥയുണ്ട്. നിയമം ലംഘിക്കുന്ന വ്യവസായ സ്ഥാപനങ്ങൾക്ക് പരമാവധി 62,500 ഡോളർ വരെ പിഴ ചുമത്താനും ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾക്ക് പിഴ ഇരട്ടിയാക്കാനും നിയമം അനുശാസിക്കുന്നു.  ഈ നിയമനിർമ്മാണം കൗമാരക്കാരുടെ ആരോഗ്യ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള മികച്ചൊരു തുടക്കമാണെന്ന് ക്യുബെക്ക് ആരോഗ്യ മന്ത്രി സോണിയ ബെലാങ്ങർ വ്യക്തമാക്കി.