എ.എച്ച്.എസ് ചീഫ് മെഡിക്കൽ ഓഫീസറുടെ രാജിയെ തുടർന്ന് ആൽബർട്ട ആരോഗ്യമേഖലയിൽ പ്രതിസന്ധി രൂക്ഷം

By: 600110 On: Jun 12, 2026, 11:43 AM

ആൽബർട്ടയിലെ ആരോഗ്യമേഖലയിൽ വീണ്ടും കടുത്ത പ്രതിസന്ധി. ആൽബർട്ട ഹെൽത്ത് സർവീസസിന്റെ (AHS) ചീഫ് മെഡിക്കൽ ഓഫീസറും വൈസ് പ്രസിഡന്റുമായ ഡോ. പീറ്റർ ജാമിസൺ ഈ ആഴ്ച പദവി ഒഴിഞ്ഞതോടെയാണിത്. സംസ്ഥാനത്തെ ആരോഗ്യരംഗത്ത് സർക്കാർ നടപ്പിലാക്കുന്ന വൻ പരിഷ്കാരങ്ങൾക്കിടയിലുണ്ടാകുന്ന ഈ നേതൃമാറ്റം,

ഡോ. ജാമിസണിന്റെ രാജി സ്ഥിരീകരിച്ചുകൊണ്ടുള്ള ആഭ്യന്തര കുറിപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹം സ്വയം ഒഴിഞ്ഞതാണോ അതോ നീക്കം ചെയ്തതാണോ എന്ന കാര്യത്തിൽ ഔദ്യോഗിക വ്യക്തതയില്ല. 2023 നവംബറിൽ സർക്കാർ പ്രഖ്യാപിച്ച സമഗ്രമായ ആരോഗ്യ പരിഷ്കരണ നടപടികൾക്ക് ശേഷം എ.എച്ച്.എസിൻ്റെ ഉന്നതതലത്തിൽ പല തവണ നേതൃമാറ്റങ്ങൾ ഉണ്ടായിരുന്നു.

ഇത്തരം തുടർച്ചയായ നേതൃമാറ്റങ്ങൾ രോഗീപരിചരണത്തെയും ഭരണച്ചെലവുകളെയും ദോഷകരമായി ബാധിക്കുമെന്ന് കാൽഗറി സർവകലാശാലയിലെ പ്രൊഫസർ ഡോ. ബ്രാഡൻ മാൻസ് ചൂണ്ടിക്കാട്ടി. ജാമിസണെപ്പോലെയുള്ള ഒരു മുതിർന്ന ഉദ്യോഗസ്ഥൻ്റെ അഭാവം ഡോക്ടർമാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും ചികിത്സാ നിലവാരം ഉയർത്തുന്നതിനുമുള്ള പദ്ധതികളെ മന്ദഗതിയിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യം തികച്ചും അരാജകത്വ നിറഞ്ഞതാണെന്ന് ആൽബർട്ട മെഡിക്കൽ അസോസിയേഷൻ പ്രതിനിധി ഡോ. പോൾ പാർക്സ് പ്രതികരിച്ചു. മുൻനിരയിലുള്ള മികച്ച മെഡിക്കൽ വിദഗ്ധർ പടിയിറങ്ങുന്നത് ഡോക്ടർമാരുടെയും നഴ്സുമാരുടെയും ആത്മവിശ്വാസം തകർക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ജാമിസൺ പദവി ഒഴിഞ്ഞെങ്കിലും സംഘടനയ്ക്കുള്ളിൽ ഡോക്ടറായി സേവനം തുടരുമെന്ന് എ.എച്ച്.എസ് അറിയിച്ചു. താൽക്കാലികമായി ഈ പദവിയിലേക്ക് ആരെയും നിയോഗിച്ചിട്ടില്ലെങ്കിലും,  ചികിത്സാ സൗകര്യങ്ങളും പ്രവർത്തനങ്ങളും തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ എ.എച്ച്.എസ് പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ വ്യക്തമാക്കി.