ആഗോള എണ്ണ വിപണിയിലെ അസ്ഥിരതകളും യു.എസ് നികുതി നയങ്ങളിലെ അനിശ്ചിതത്വങ്ങളും നിലനിൽക്കുമ്പോഴും കാനഡയിൽ സാമ്പത്തിക വളർച്ചയിലും തൊഴിലവസരങ്ങളിലും ആൽബർട്ട ഈ വർഷം മുന്നിലെത്തുമെന്ന് എടിബി ഫിനാൻഷ്യലിൻ്റെ ഏറ്റവും പുതിയ സാമ്പത്തിക റിപ്പോർട്ട് . ഇസ്രായേൽ-ഇറാൻ യുദ്ധം കാരണം ഉണ്ടായ ആഗോള എണ്ണവില വർദ്ധനവ് കാനഡയിലെ ഏറ്റവും വലിയ എണ്ണ ഉത്പാദകരായ ആൽബർട്ടയ്ക്ക് അനുകൂലമായതാണ് ഈ നേട്ടത്തിന് പ്രധാന കാരണം.
കാനഡയുടെ ആകെ ആഭ്യന്തര ഉത്പാദനം വെറും 0.8 ശതമാനം മാത്രം വളരുമെന്നായിരുന്നു പ്രവചനം. ആൽബർട്ടയുടെ യഥാർത്ഥ ജിഡിപി വളർച്ച 2026-ൽ 2.6 ശതമാനമായി ഉയരുമെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. കൂടാതെ, പ്രവിശ്യയിലെ തൊഴിൽ വളർച്ച നിരക്ക് ഈ വർഷം 3.3 ശതമാനമായി ഉയരുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
സാമ്പത്തിക സൂചകങ്ങളിൽ വലിയ മുന്നേറ്റം രേഖപ്പെടുത്തുന്നുണ്ടെങ്കിലും സാധാരണക്കാരായ ജനങ്ങളുടെ ജീവിതസാഹചര്യങ്ങൾ ഇപ്പോഴും സങ്കീർണ്ണമായി തുടരുകയാണെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
ആഹാരസാധനങ്ങൾ, ഊർജ്ജം എന്നിവയുടെ അമിതവിലക്കയറ്റം മൂലം ഭൂരിഭാഗം ആൽബർട്ട നിവാസികളും പ്രതിമാസ ചെലവുകൾ കണ്ടെത്താൻ ബുദ്ധിമുട്ടുന്നുണ്ട്. ഒപ്പം യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ഉയർന്ന നിലയിൽ തന്നെയാണ്. നിലവിലെ എണ്ണവില വർദ്ധനവ് കമ്പനികൾക്കും സർക്കാരിനും വലിയ വരുമാനം നേടിക്കൊടുക്കുന്നുണ്ടെങ്കിലും, വരാനിരിക്കുന്ന കാനഡ-യുഎസ്-മെക്സിക്കോ വ്യാപാര കരാർ പുനരവലോകനവും ഈ വർഷം അവസാനം പ്രവിശ്യയിൽ നടക്കാനിരിക്കുന്ന സ്വയംഭരണ റഫറണ്ടവും നിക്ഷേപകർക്കിടയിൽ ഒരു ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.