കാൽഗറി സിറ്റി ഹാളിൽ കൗൺസിൽ വോട്ടുകൾ സ്വാധീനിക്കുന്നതിനായി വൻതോതിൽ പണവും തെരഞ്ഞെടുപ്പ് ഫണ്ടും വാഗ്ദാനം ചെയ്തെന്ന അഴിമതി ആരോപണത്തിൽ ആർസിഎംപി അന്വേഷണം തുടരുന്നു. ഇതുവരെ ആർക്കെതിരെയും ഔദ്യോഗികമായി കുറ്റം ചുമത്തിയിട്ടില്ലെന്നും കോടതി രേഖകൾ ഉദ്ധരിച്ചുള്ള ആരോപണങ്ങൾ നിയമപരമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കി.
കാൽഗറിയിലെ മുൻ കൗൺസിൽ എടുത്ത ഭൂവിനിയോഗ തീരുമാനവുമായി ബന്ധപ്പെട്ടാണ് അഴിമതി അന്വേഷണം നടക്കുന്നത്. മുൻ മേയർ ജ്യോതി ഗോണ്ടെക്, മുൻ കൗൺസിലർ സീൻ ചു, നിലവിലെ കൗൺസിലർ ആന്ദ്രെ ചാബോട്ട് എന്നിവരുടെ മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുത്തതോടെയാണ് വിവരങ്ങൾ പുറത്തുവന്നത്. 2025 ജൂലൈയിൽ ബാങ്ക് വ്യൂവിലെ ഭൂമി പുനർവിനിയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടന്ന വോട്ടെടുപ്പാണ് അന്വേഷണ പരിധിയിലുള്ളത്. ആദ്യം 6-6 എന്ന നിലയിൽ സമനിലയായ പ്രമേയം, പിന്നീട് സീൻ ചു വോട്ട് മാറ്റുകയും മേയർ ഗോണ്ടെക് അനുകൂലിക്കുകയും ചെയ്തതോടെ പാസ്സാവുകയായിരുന്നു.
കേസിൽ അഴിമതി, നീതിന്യായ വ്യവസ്ഥയെ തടസ്സപ്പെടുത്തൽ, വ്യാജ തെളിവുകൾ ഉണ്ടാക്കൽ എന്നിവ നടന്നതായി ആർ.സി.എം.പി-യുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ഡിറ്റക്ടീവ് മാറ്റ് വൈറ്റ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ഭൂവികസന കൺസൾട്ടൻ്റാൻ്റായ ഡേവിഡ് വൈറ്റ്, കൗൺസിൽ വോട്ടുകൾ അനുകൂലമാക്കാൻ കൗൺസിലർമാർക്ക് നിയമപരമായ പരിധിയിലും കൂടുതൽ തെരഞ്ഞെടുപ്പ് ഫണ്ട് വാഗ്ദാനം ചെയ്തതായാണ് സൂചന. മറ്റൊരു കൗൺസിലറെ എങ്ങനെ സ്വാധീനിക്കണമെന്ന് മേയർ ഗോണ്ടെക്, ഡേവിഡ് വൈറ്റിന് ഉപദേശം നൽകിയതായും പോലീസ് ആരോപിക്കുന്നു.
ഡേവിഡ് വൈറ്റിൻ്റെ ഫോണിൽ നിന്ന് ചില തെളിവുകൾ ലഭിച്ചതായി പോലീസ് അറിയിച്ചു. എന്നാൽ മുൻ മേയർ ജ്യോതി ഗോണ്ടെക്കിൻ്റെ ഫോൺ പാസ്‌കോഡ് ഇല്ലാത്തതിനാൽ പോലീസിന് ഇതുവരെ തുറക്കാൻ കഴിഞ്ഞിട്ടില്ല. കേസ് വെറും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്നും വോട്ടെടുപ്പിൽ മുൻ മേയറുടെ വോട്ട് നിർണ്ണായകമായിരുന്നില്ലെന്നുമാണ് അവരുടെ അഭിഭാഷകൻ്റെ വാദം. ഈ മാസം അവസാനം നടക്കുന്ന കോടതി നടപടികളിൽ ഗോണ്ടെക്കിൻ്റെ ഫോൺ പോലീസിന് കൂടുതൽ കാലം കൈവശം വെക്കാൻ അനുമതി നൽകണോ എന്ന് കാര്യത്തിനും തീരുമാനമെടുക്കും.