പി പി ചെറിയാന്‍
ഫ്‌ലോറിഡ: അനുസരണക്കേട് കാണിച്ചതിന് സ്വന്തം അനിയനെ മണിക്കൂറുകളോളം അരിയില്‍ മുട്ടുകുത്തിച്ചു നിര്‍ത്തി പീഡിപ്പിച്ച 26-കാരിയായ യുവതി ഫ്‌ലോറിഡയില്‍ ബുധനാഴ്ച അറസ്റ്റിലായി. ഫ്‌ലോറിഡ സിറ്റിയില്‍ താമസിക്കുന്ന നതാലി ഫ്രാന്‍സെലിയ ക്രൂസ് ആണ് ചൈല്‍ഡ് അബ്യൂസ് (കുട്ടികള്‍ക്കെതിരെയുള്ള ക്രൂരത) കുറ്റത്തിന് പോലീസിന്റെ പിടിയിലായത്.
രാവിലെ 11 മണി മുതല്‍ വൈകിട്ട് വരെ കുട്ടിയെ ക്രൂരമായ ശിക്ഷയ്ക്ക് വിധേയനാക്കുകയായിരുന്നു. ഈ സമയമത്രയും ശുചിമുറിയില്‍ പോകാന്‍ പോലും യുവതി അനുവദിച്ചില്ലെന്നാണ് പോലീസ് റിപ്പോര്‍ട്ട്. ഒടുവില്‍ സഹികെട്ട് വൈകിട്ട് അഞ്ചുമണിയോടെ വീട്ടില്‍ നിന്നും ഓടി രക്ഷപെട്ട കുട്ടി അയല്‍ക്കാരോട് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. അയല്‍വാസികളാണ് വിവരം പോലീസില്‍ അറിയിച്ചത്.
പോലീസ് എത്തുമ്പോള്‍ കുട്ടിയുടെ കാല്‍മുട്ടുകളില്‍ അരിയില്‍ ദീര്‍ഘനേരം മുട്ടുകുത്തി നിന്നതുകൊണ്ടുള്ള പരിക്കുകള്‍ ഉണ്ടായിരുന്നു. അമ്മയെ നാടുകടത്തിയതിനെ തുടര്‍ന്ന് സഹോദരിയായ നതാലിയാണ് കുട്ടിയുടെ നിയമപരമായ രക്ഷിതാവ്. മുന്‍പും തെറ്റ് ചെയ്യുമ്പോള്‍ സഹോദരി ഇത്തരത്തില്‍ ശിക്ഷിക്കാറുണ്ടെന്ന് കുട്ടി പോലീസിനോട് പറഞ്ഞു.
നിലവില്‍ 2,500 ഡോളര്‍ ബോണ്ടില്‍ ജയിലില്‍ കഴിയുന്ന നതാലിയോട് സഹോദരന്റെ അടുത്തുനിന്നും മാറിനില്‍ക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇവര്‍ക്കെതിരെ ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ ഹോള്‍ഡും നിലവിലുണ്ട്.