പി പി ചെറിയാന്‍
കാലിഫോര്‍ണിയ: കാര്‍ അപകടത്തില്‍പ്പെട്ടയാളെ സഹായിക്കാന്‍ വണ്ടി നിര്‍ത്തിയ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച് കൊന്ന ഹൃദ്രോഗവിദഗ്ദ്ധന് ഒരു വര്‍ഷത്തില്‍ താഴെ മാത്രം തടവുശിക്ഷ. 2021 ഫെബ്രുവരിയില്‍ ഫ്രെസ്നോയില്‍ വച്ചുണ്ടായ ഒരു കാര്‍ അപകടത്തില്‍പ്പെട്ടയാളെ സഹായിക്കാനാണ് മൂന്ന് കുട്ടികളുടെ അമ്മയായ ജൂലിയാന റാമോസ് (26) തന്റെ വാഹനം നിര്‍ത്തിയത്. എന്നാല്‍, ഈ സമയം അവിടെയെത്തിയ പ്രശസ്ത ഹൃദ്രോഗവിദഗ്ദ്ധനായ ഡോ. ജെയിംസ് കൊമാസി തന്റെ എസ്യുവി ജൂലിയാനയുടെ മേല്‍ ഇടിച്ചുകയറ്റുകയായിരുന്നു. ഇടിയേറ്റ ഉടന്‍ തന്നെ ജൂലിയാന സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു.
അപകടത്തിന് ശേഷം വണ്ടിയില്‍ നിന്നിറങ്ങി നോക്കിയ ഡോക്ടര്‍, പിന്നീട് പോലീസിനെ അറിയിക്കാതെ സംഭവസ്ഥലത്തുനിന്ന് കാറുമായി കടന്നുകളയുകയായിരുന്നു.
വര്‍ഷങ്ങള്‍ നീണ്ട കോടതി നടപടികള്‍ക്കൊടുവില്‍, മനഃപൂര്‍വമല്ലാത്ത നരഹത്യക്കും അപകടമുണ്ടാക്കി നിര്‍ത്താതെ പോയതിനും ഡോ. ജെയിംസ് കൊമാസി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. എന്നാല്‍ പ്രതിക്ക് വെറും 8 മാസം തടവും പ്രൊബേഷനും മാത്രമാണ് കോടതി ശിക്ഷയായി വിധിച്ചത്.
പ്രതിയുടെ പ്രായവും മുന്‍പ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലാത്ത പശ്ചാത്തലവും കണക്കിലെടുത്താണ് ശിക്ഷ ചുരുക്കിയതെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍, ഒരു ഡോക്ടറായിട്ടുപോലും അപകടത്തില്‍പ്പെട്ടയാളെ റോഡിലിട്ട് കടന്നുകളഞ്ഞ പ്രതിക്ക് നല്‍കിയ ഈ ലഘുവായ ശിക്ഷയ്‌ക്കെതിരെ ജൂലിയാനയുടെ കുടുംബം കടുത്ത അമര്‍ഷവും പ്രതിഷേധവും രേഖപ്പെടുത്തി.