ഹൂസ്റ്റണില്‍ യുവാവിനെ വെടിവെച്ചുകൊന്ന കേസ്: ഒളിവില്‍ കഴിയുന്ന പ്രതികളെ കണ്ടെത്താന്‍ പോലീസ് പൊതുജനങ്ങളുടെ സഹായം തേടി

By: 600002 On: Jun 12, 2026, 6:46 AM



പി പി ചെറിയാന്‍

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ ഷുഗര്‍ ലാന്‍ഡിന് സമീപമുള്ള സ്ട്രിപ്പ് സെന്റര്‍ പാര്‍ക്കിംഗ് ലോട്ടില്‍ കഴിഞ്ഞ ശനിയാഴ്ച ഉണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളായ യുവാവിനും യുവതിക്കുമെതിരെ കൊലക്കുറ്റം ചുമത്തി. ഇദ്രിസ് ഉമാരു (23), ആക്‌സി മോജിക്ക (22) എന്നിവരാണ് കേസിലെ പ്രതികള്‍. നിലവില്‍ ഒളിവില്‍ കഴിയുന്ന ഇവരെ കണ്ടെത്താന്‍ ഹൂസ്റ്റണ്‍ പോലീസ് പൊതുജനങ്ങളുടെ സഹായം തേടിയിട്ടുണ്ട്.

വെടിവെപ്പിന് ശേഷം സംഭവസ്ഥലത്തുനിന്ന് പ്രതികള്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് ചൊവ്വാഴ്ച (ജൂണ്‍ 9) ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി അധികൃതര്‍ ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയത്.

വെടിയേറ്റ് മരിച്ചത് 39 കാരനായ സീന്‍ ബ്രീ ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ബെല്‍കനാപ് റോഡിലെ പാര്‍ക്കിംഗ് ലോട്ടിലാണ് സീന് വെടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രതികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഹൂസ്റ്റണ്‍ പോലീസ് ഹോമിസൈഡ് ഡിവിഷനെയോ (7133083600), ക്രൈം സ്റ്റോപ്പേഴ്‌സിനെയോ (713222TIPS) വിവരമറിയിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു. വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.