ലോകത്തെ മുൻനിര പേയ്‌മെൻ്റ് ശൃംഖലയായ വിസയും പ്രമുഖ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കമ്പനിയായ ഓപ്പൺ എഐയും കൈകോർക്കുന്നു. ചാറ്റ്ജിപിറ്റി വഴി നേരിട്ട് സാധനങ്ങൾ വാങ്ങാനും വിസ കാർഡുകൾ ഉപയോഗിച്ച് പേയ്‌മെൻ്റ് നടത്താനും സാധിക്കുന്ന വിപ്ലവകരമായ സാങ്കേതികവിദ്യയാണ് ഇരുകമ്പനികളും ചേർന്ന് വികസിപ്പിക്കുന്നത്. എഐ അധിഷ്ഠിത വ്യപാര രംഗത്ത് ഇതൊരു വലിയ നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്. പുതിയ പങ്കാളിത്തത്തോടെ വിസയുടെ പേയ്‌മെൻ്റ് ശൃംഖല ചാറ്റ്ജിപിറ്റിയുമായി നേരിട്ട് ബന്ധിപ്പിക്കും. ഉപഭോക്താക്കൾക്ക് തങ്ങളുടെ വിസ അക്കൗണ്ട് ചാറ്റ്ജിപിറ്റിയുമായി ലിങ്ക് ചെയ്യാം. ഇതിലൂടെ ഉപഭോക്താക്കൾക്ക് ആവശ്യമുള്ള ഉത്പന്നങ്ങൾ കണ്ടെത്താനും, അവ നിർദ്ദേശിക്കാനും, ഉപഭോക്താവിന് വേണ്ടി സുരക്ഷിതമായി പണം നൽകി അവ വാങ്ങാനും ചാറ്റ്ജിപിറ്റിക്ക് സാധിക്കും.
വിസ കാർഡുകൾ സ്വീകരിക്കുന്ന ഏത് വ്യാപാരിയുമായും ഈ സംവിധാനം ഉപയോഗിക്കാം. എഐ സ്വന്തം നിലയിൽ പണം ചിലവഴിക്കുമ്പോൾ ഉണ്ടാകാനിടയുള്ള ആശങ്കകൾ പരിഹരിക്കാൻ ശക്തമായ സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തും. ഇതിനായി പണം ചിലവഴിക്കുന്നതിന് പ്രത്യേക പരിധി നിശ്ചയിക്കും. കൂടാതെ, പണം നൽകുന്നതിന് മുൻപ് ഉപഭോക്താവിൻ്റെ മൊബൈലിൽ അനുമതിക്കായുള്ള നോട്ടിഫിക്കേഷൻ വരും. നിലവിലുള്ള വിസയുടെ തട്ടിപ്പ് നിരീക്ഷണ സംവിധാനങ്ങളും തർക്കപരിഹാര ചട്ടങ്ങളും ഈ ഇടപാടുകൾക്കും ബാധകമായിരിക്കും. മുൻപ് ഓപ്പൺഎഐ 'ഇൻസ്റ്റന്റ് ചെക്കൗട്ട്' എന്നൊരു സംവിധാനം പരീക്ഷിച്ചിരുന്നെങ്കിലും ഉയർന്ന ഫീസും സാങ്കേതിക പിഴവുകളും കാരണം 2025 മാർച്ചിൽ അത് നിർത്തലാക്കിയിരുന്നു.
എന്നാൽ പുതിയ സംവിധാനം വിസയുടെ ആഗോള പേയ്‌മെൻ്റ് ശൃംഖലയുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിനാൽ കൂടുതൽ സുരക്ഷിതവും കൃത്യതയുള്ളതുമായിരിക്കും. തെറ്റായ പർച്ചേസുകൾ ഒഴിവാക്കാൻ വിസ തങ്ങളുടെ ഡാറ്റാ സംവിധാനങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നുണ്ട്. വിസയുടെ പ്രധാന എതിരാളികളായ മാസ്റ്റർകാർഡും സമാനമായ എഐ ഷോപ്പിംഗ് ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, അവ പ്രധാനമായും ചെറുകിട ബിസിനസുകൾക്ക് പരസ്യ സേവനങ്ങളും മറ്റും വാങ്ങാനുള്ള ബിസിനസ്സ് ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതാണ്. എന്നാൽ വിസ സാധാരണ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ സംവിധാനം ഒരുക്കുന്നത്.
ഈ പുതിയ സംവിധാനം ആദ്യഘട്ടത്തിൽ ബീറ്റാ പതിപ്പായിട്ടായിരിക്കും പുറത്തിറങ്ങുക. ഇതിൽ ഓരോ പർച്ചേസിനും ഉപഭോക്താവിൻ്റെ നേരിട്ടുള്ള അനുമതി നിർബന്ധമാണ്. ഭാവിയിൽ ജനങ്ങൾക്ക് വിശ്വാസ്യത കൂടുന്നതോടെ ഈ പ്രക്രിയ പൂർണ്ണമായും ഓട്ടോമാറ്റിക് ആകുമെന്നാണ് വിസ കരുതുന്നത്. എഐ ഏജൻ്റുകൾ സാമ്പത്തിക രംഗത്ത് സജീവമായി ഇടപെടുന്ന പുതിയൊരു കാലഘട്ടത്തിനാണ് ഇതിലൂടെ തുടക്കമാകുന്നത്.