നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് പരിഹാരം കാണുന്നതിനും ആഭ്യന്തര ഭക്ഷ്യോത്പാദനം വർദ്ധിപ്പിക്കുന്നതിനുമായി 320 ലക്ഷം കോടി ഡോളറിൻ്റെ സമഗ്ര ഭക്ഷ്യസുരക്ഷാ പദ്ധതി പ്രഖ്യാപിച്ച് കനേഡിയൻ സർക്കാർ. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയാണ് “മോർ ചോയ്സ്. മോർ കൺട്രോൾ. മോർ കാനഡ.” എന്ന പേരിട്ടിരിക്കുന്ന ഈ പുതിയ നയം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നിലവിലുള്ള താൽക്കാലിക ജി.എസ്.ടി റിബേറ്റിന് പകരമായി ജനങ്ങൾക്ക് സ്ഥിരമായ ആശ്വാസം നൽകുന്ന 'കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനഫിറ്റ്' പദ്ധതിയും ഉടൻ നിലവിൽ വരും.
മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷ്യ ഇറക്കുമതി കുറച്ച് കാനഡയെ സ്വയംപര്യാപ്തമാക്കുക, വിപണിയിലെ വൻകിട കമ്പനികളുടെ കുത്തക അവസാനിപ്പിക്കുക, കർഷകർക്ക് കൂടുതൽ സാമ്പത്തിക സഹായവും ഇളവുകളും നൽകുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. രാജ്യത്തെ പ്രമുഖ ഭക്ഷ്യ വിപണന ശൃംഖലയായ ഒൻ്റാരിയോ ഫുഡ് ടെർമിനൽ വികസിപ്പിക്കുന്നതിനും രാജ്യത്തുടനീളം പ്രാദേശിക ഭക്ഷ്യ ഹബ്ബുകൾ സ്ഥാപിക്കുന്നതിനുമായി 10 വർഷത്തേക്ക് 100 കോടി ഡോളർ വകയിരുത്തി. ഇത് നിലവിൽ കാനഡയിലെ ഭക്ഷ്യവിപണി നിയന്ത്രിക്കുന്ന 'ബിഗ് ഫൈവ്' കുത്തക കമ്പനികളോട് മത്സരിക്കാൻ പ്രാദേശിക കർഷകർക്കും ചെറുകിട വ്യാപാരികൾക്കും കരുത്താകും.
2020-ന് ശേഷം കാനഡയിൽ ഭക്ഷ്യസാധനങ്ങളുടെ വിലയിൽ 31 ശതമാനത്തിൻ്റെ വർദ്ധനവാണുണ്ടായത്. ഇതിന് പരിഹാരമായി, നിലവിലുള്ള 75 ശതമാനം ആഭ്യന്തര ഭക്ഷ്യോത്പാദനം 2032-ഓടെ 85 ശതമാനമായി ഉയർത്താൻ പദ്ധതി ലക്ഷ്യമിടുന്നു. വർഷം മുഴുവൻ പഴങ്ങളും പച്ചക്കറികളും രാജ്യത്തുതന്നെ ഉത്പാദിപ്പിക്കുന്നതിനായി ഗ്രീൻഹൗസ്, വെർട്ടിക്കൽ ഫാമിംഗ് തുടങ്ങിയ ആധുനിക കൃഷിരീതികൾക്കായി 75 കോടി ഡോളർ അനുവദിച്ചു. കാനഡയിൽ വിളയുന്ന ഭക്ഷ്യസാധനങ്ങൾ അസംസ്കൃതമായി കയറ്റി അയച്ച് പിന്നീട് പാക്കറ്റുകളിലാക്കി തിരികെ ഇറക്കുമതി ചെയ്യുന്ന രീതി അവസാനിപ്പിക്കും. ഇതിനായി ആഭ്യന്തര ഭക്ഷ്യസംസ്കരണ മേഖലയ്ക്ക് 100 കോടി ഡോളർ അനുവദിച്ചു.
അനാവശ്യ വിലക്കയറ്റവും ജനങ്ങളെ ചൂഷണം ചെയ്യുന്ന വ്യാപാരികളുടെ രീതികളും അന്വേഷിക്കാൻ കോമ്പറ്റീഷൻ ബ്യൂറോയ്ക്ക് പ്രതിവർഷം 1.29 കോടി ഡോളർ അധികമായി നൽകും. വില കുറയ്ക്കുന്നതിനായി വിവിധ പ്രവിശ്യകൾ തമ്മിലുള്ള ഇറച്ചി വ്യാപാരത്തിനുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കും. കർഷകർക്ക് ഉയർന്ന മൂലധന നികുതി ഇളവുകളും കൂടുതൽ വായ്പകളും പലിശരഹിത മുൻകൂർ പണവും ലഭ്യമാക്കും. വിത്തുകൾ, വളങ്ങൾ, മൃഗസംരക്ഷണ ഉത്പന്നങ്ങൾ എന്നിവയ്ക്കുള്ള അനുമതികൾ വേഗത്തിലാക്കും. ഭക്ഷ്യസുരക്ഷ മുൻനിർത്തി കീടനാശിനികളുടെ ഉപയോഗത്തിൽ ചില നിയന്ത്രണങ്ങൾ താൽക്കാലികമായി നീക്കും.