മാനിറ്റോബയിൽ ശക്തമായ കൊടുങ്കാറ്റിനെ തുടർന്ന് താറുമാറായ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ ശ്രമങ്ങൾ തുടരുന്നു. നഗരത്തിലെ വൈദ്യുതി വിതരണ കമ്പനിയായ 'മാനിറ്റോബ ഹൈഡ്രോ'യുടെ ചരിത്രത്തിലെ ഏറ്റവും വലിയ തകരാറുകളിൽ ഒന്നാണ് കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ കൊടുങ്കാറ്റിൽ സംഭവിച്ചത്. ബുധനാഴ്ച രാത്രിയോടെ പ്രധാന നഗരങ്ങളിൽ വൈദ്യുതി എത്തിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, പൂർണ്ണമായി പഴയപടിയാകാൻ വ്യാഴാഴ്ച വൈകുന്നേരം വരെ സമയമെടുക്കുമെന്നാണ് സൂചന. ജനങ്ങൾ ക്ഷമയോടെ സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
വിന്നിപെഗിൽ മാത്രം പതിനയ്യായിരത്തോളം ഉപഭോക്താക്കൾ തുടർച്ചയായ രണ്ടാം രാത്രിയും വൈദ്യുതിയില്ലാതെയാണ് കഴിച്ചുകൂട്ടിയത്. വ്യാഴാഴ്ചയോടെ ഭൂരിഭാഗം സ്ഥലങ്ങളിലും വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ടെങ്കിലും, മോശം കാലാവസ്ഥ ഇപ്പോഴും വെല്ലുവിളി ഉയർത്തുന്നുണ്ട്. ചൊവ്വാഴ്ചയുണ്ടായ ശക്തമായ കൊടുങ്കാറ്റിൽ തെക്കൻ മാനിറ്റോബയിലെ വൈദ്യുതി ഗ്രിഡിന് വലിയ കേടുപാടുകൾ സംഭവിച്ചു. തുടർന്ന് 25,000-ത്തിലധികം ആളുകൾക്ക് വൈദ്യുതി നഷ്ടപ്പെട്ടിരുന്നു. മാനിറ്റോബ ഹൈഡ്രോ ജീവനക്കാർ വിശ്രമമില്ലാതെ ജോലി ചെയ്യുന്നുണ്ടെങ്കിലും, ഒരേസമയം പല സ്ഥലങ്ങളിൽ തകരാർ സംഭവിച്ചതിനാൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനായിട്ടില്ല. വലിയ ലൈനുകളുടെ അറ്റകുറ്റപ്പണികൾക്കാണ് കമ്പനി ഇപ്പോൾ മുൻഗണന നൽകുന്നത്.
ദിവസങ്ങളായി വൈദ്യുതി ഇല്ലാത്തതിനെ തുടർന്ന് വീടുകളിലെ ഫ്രിഡ്ജുകളിൽ സൂക്ഷിച്ചിരുന്ന ഭക്ഷണസാധനങ്ങൾ കേടായതായി താമസക്കാർ പരാതിപ്പെടുന്നു. എയർ കണ്ടീഷണറുകൾ പ്രവർത്തിക്കാത്തതിനാൽ വീടുകൾക്കുള്ളിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ചീത്തയായ ഭക്ഷണസാധനങ്ങൾ നിക്ഷേപിക്കാൻ നഗരസഭ പ്രത്യേക കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. വിന്നിപെഗിലെ അഞ്ചോളം സ്കൂളുകളുടെ പ്രവർത്തനത്തെ വൈദ്യുതി തടസ്സം ബാധിച്ചു. ചില സ്കൂളുകൾ സ്വാഭാവിക വെളിച്ചത്തിലാണ് ക്ലാസുകൾ നടത്തിയത്. എന്നാൽ, പ്രധാന ആശുപത്രികൾക്കൊന്നും പ്രവർത്തന തടസ്സമുണ്ടായിട്ടില്ല.