കാനഡയും മെക്സിക്കോയുമായുള്ള വ്യാപാരക്കരാർ പുതുക്കാൻ താല്പര്യമില്ലെന്ന് ഡോണൾഡ് ട്രംപ്; വടക്കേ അമേരിക്കൻ വിപണിയിൽ ആശങ്ക ശക്തമാകുന്നു

By: 600110 On: Jun 11, 2026, 1:29 PM

കാനഡ, അമേരിക്ക, മെക്സിക്കോ എന്നീ രാജ്യങ്ങൾ തമ്മിലുള്ള നിർണ്ണായകമായ  CUSMA  സ്വതന്ത്ര വ്യാപാരക്കരാർ പുതുക്കാൻ  താല്പര്യമില്ലെന്ന് യു.എസ് പ്രെസിഡൻ്റ് ഡോണൾഡ് ട്രംപ് . അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കാനഡയിൽ നിന്നോ മെക്സിക്കോയിൽ നിന്നോ പ്രത്യേകിച്ച് ഒന്നും ആവശ്യമില്ലെന്നും, എന്നാൽ ആ രാജ്യങ്ങൾക്ക് നിലനിൽപ്പിനായി അമേരിക്കയെ പൂർണ്ണമായി ആശ്രയിക്കേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു.

മുൻപ് നിലവിലിരുന്ന NAFTA കരാറിന് പകരമായി ട്രംപിൻ്റെ ആദ്യ ഭരണകാലത്ത് രൂപീകരിച്ചതാണ് CUSMA കരാർ. എന്നാൽ ഇരുരാജ്യങ്ങളുമായുള്ള വ്യാപാര കമ്മിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ട്രംപ്, അമേരിക്കയ്ക്ക് സ്വന്തം കാലിൽ നിൽക്കുമ്പോഴാണ് കൂടുതൽ സാമ്പത്തിക നേട്ടമുണ്ടാകുന്നതെന്നും കാനഡയുടെ ഇന്ധനവും തടിയും മെക്സിക്കോയുടെ കാറുകളും തങ്ങൾക്ക് ആവശ്യമില്ലെന്നും കൂട്ടിച്ചേർത്തു.  

വരുന്ന ജൂലൈ ഒന്നിന് കരാർ പുതുക്കുന്നതിനുള്ള ഔദ്യോഗിക സമയപരിധി അവസാനിക്കാനിരിക്കെയാണ് ട്രംപിൻ്റെ ഈ കടുത്ത നിലപാട് . കരാർ 16 വർഷത്തേക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് കാനഡയിലെയും മെക്സിക്കോയിലെയും  മന്ത്രിമാർ കഴിഞ്ഞ ആഴ്ചകളിൽ വാഷിംഗ്ടണ് കത്തയച്ചിരുന്നു. ട്രംപ് കരാർ പുതുക്കാൻ വിസമ്മതിക്കുന്നതോടെ, കരാറിൽ നിന്ന് പെട്ടെന്ന് പിന്മാറില്ലെങ്കിലും ഇനി മുതൽ വർഷം തോറുമുള്ള കർശനമായ പുനരവലോകന പ്രക്രിയയ്ക്ക് ഇത് വഴിവെക്കും.

വടക്കേ അമേരിക്കൻ രാജ്യങ്ങൾ തമ്മിലുള്ള കോടിക്കണക്കിന് ഡോളറിൻ്റെ പ്രതിദിന വ്യാപാരത്തെയും വിതരണ ശൃംഖലയെയും ട്രംപിൻ്റെ ഈ തീരുമാനം ദോഷകരമായി ബാധിക്കുമെന്ന ആശങ്കയിലാണ് കനേഡിയൻ ഭരണകൂടം.