വിമാനയാത്രക്കാർക്കായി 'കാൽഗറി സ്റ്റോപ്പ്ഓവർ' പദ്ധതി; ടൂറിസം മേഖലയ്ക്ക് ഉണർവേകാൻ വെസ്റ്റ്ജെറ്റും ടൂറിസം കാൽഗറിയും കൈകോർക്കുന്നു

By: 600110 On: Jun 11, 2026, 1:25 PM

അന്താരാഷ്ട്ര വിമാനയാത്രക്കാരെ ലക്ഷ്യമിട്ട് കാനഡയിലെ പ്രമുഖ എയർലൈൻ കമ്പനിയായ വെസ്റ്റ്ജെറ്റും ടൂറിസം കാൽഗറിയും ചേർന്ന് 'കാൽഗറി സ്റ്റോപ്പ്ഓവർ പ്രോഗ്രാം'  എന്ന പേരിൽ പുതിയ യാത്രാ പദ്ധതിക്ക് തുടക്കം കുറിച്ചു. കാൽഗറി അന്താരാഷ്ട്ര വിമാനത്താവളം വഴി കടന്നുപോകുന്ന ലക്ഷക്കണക്കിന് യാത്രക്കാരെ നഗരത്തിലേക്ക് ആകർഷിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. കാനഡയിൽ ഇത്തരമൊരു സംരംഭം ആദ്യമായാണ് അവതരിപ്പിക്കപ്പെടുന്നത്.

പുതിയ നിരക്കുകളോ അധിക ടിക്കറ്റ് ചാർജുകളോ ഇല്ലാതെ തന്നെ യോഗ്യരായ അന്താരാഷ്ട്ര യാത്രക്കാർക്ക് തങ്ങളുടെ യാത്രയ്ക്കിടയിൽ ഏഴ് ദിവസം വരെ കാൽഗറി നഗരത്തിൽ തങ്ങാൻ ഈ പദ്ധതിയിലൂടെ സാധിക്കും. നഗരത്തിലെ പ്രാദേശിക ബിസിനസുകൾക്കും ഹോട്ടൽ മേഖലയ്ക്കും വലിയ സാമ്പത്തിക ഉണർവ് നൽകാൻ ഈ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.  പ്രത്യേക ഹോട്ടൽ ഓഫറുകൾ, നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന ഇളവുകൾ നൽകുന്ന 'കാഷഗറി അട്രാക്ഷൻ പാസ്' എന്നിവയും പദ്ധതിയുടെ ഭാഗമായി യാത്രക്കാർക്ക് ലഭ്യമാക്കിയിട്ടുണ്ട്.

ആദ്യഘട്ടത്തിൽ ലണ്ടൻ ഹീത്രൂ, എഡിൻബറോ എന്നിവിടങ്ങളിൽ നിന്നുള്ള യുകെ യാത്രക്കാരെ കേന്ദ്രീകരിച്ചാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ പ്രോഗ്രാം നടപ്പിലാക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ അന്താരാഷ്ട്ര റൂട്ടുകളിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കും. കാൽഗറി വിമാനത്താവളം വഴി പ്രതിവർഷം എഴുപത് ലക്ഷത്തിലധികം വിദേശ യാത്രക്കാർ വിമാനത്താവളത്തിന് പുറത്തിറങ്ങാതെ മറ്റ് രാജ്യങ്ങളിലേക്ക് കണക്റ്റിങ് ഫ്ലൈറ്റുകൾക്കായി കടന്നുപോകുന്നുണ്ടെന്നാണ് കണക്കുകൾ. ഈ വലിയ യാത്രാസമൂഹത്തെ നഗരത്തിലെത്തിക്കുന്നതിലൂടെ 2035ഓടെ വിനോദസഞ്ചാര മേഖലയിൽ നിന്നുള്ള വരുമാനം 6 ബില്യൺ ഡോളറായി ഇരട്ടിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.