കാനഡയിലെ ഫെർട്ടിലിറ്റി ക്ലിനിക്കുകൾ അണ്ഡം ശീതീകരിച്ചു സൂക്ഷിക്കുന്ന 'എഗ്ഗ് ഫ്രീസിങ് പ്രക്രിയയുടെ വിജയസാധ്യതകളെക്കുറിച്ച് അമിതവും തെറ്റിദ്ധരിപ്പിക്കുന്നതുമായ അവകാശവാദങ്ങൾ ഉന്നയിച്ച് സ്ത്രീകളെ ചൂഷണം ചെയ്യുന്നതായി റിപ്പോർട്ട്. എട്ട് മാസത്തോളം നടത്തി വന്ന അന്വോഷണത്തിന് ശേഷമാണ് ഒരു മാധ്യമം ഈ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത് വിട്ടത്.
രാജ്യത്തെ 42 പ്രമുഖ ഫെർട്ടിലിറ്റി ക്ലിനിക്കുകളുടെ വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയ പരസ്യങ്ങളും വിശകലനം ചെയ്തതിൽ, 35 ക്ലിനിക്കുകളും ഈ പ്രക്രിയയെ ഭാവിയിലെ ഗർഭധാരണത്തിനുള്ള പൂർണ്ണമായ ഉറപ്പായോ 'ഇൻഷുറൻസ് പോളിസി' പോലെയോ ആണ് ചിത്രീകരിക്കുന്നത്. സ്ത്രീകളുടെ പ്രായമാകുന്നതിനെക്കുറിച്ചുള്ള ആശങ്കകളെയും വൈകാരിക സാഹചര്യങ്ങളെയും ചൂഷണം ചെയ്ത് ഷാംപെയ്ൻ പാർട്ടികൾ വരെ സംഘടിപ്പിച്ചാണ് കോർപ്പറേറ്റ് ക്ലിനിക്കുകൾ ഉപഭോക്താക്കളെ ആകർഷിക്കുന്നത്. എന്നാൽ, യഥാർത്ഥ മെഡിക്കൽ പരിമിതികളും പരാജയസാധ്യതകളും ഈ പരസ്യങ്ങളിൽ മനഃപൂർവ്വം മറച്ചുവെക്കുകയോ ലഘൂകരിക്കുകയോ ചെയ്യുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
കാനഡയിൽ 2013-നും 2023-നും ഇടയിൽ ജനിച്ച 41 ലക്ഷത്തിലധികം കുട്ടികളിൽ കേവലം 70 പേർ മാത്രമാണ് ശീതീകരിച്ച അണ്ഡങ്ങളിൽ നിന്ന് ജനിച്ചതെന്ന കനേഡിയൻ ഫെർട്ടിലിറ്റി ആൻഡ് ആൻഡ്രോളജി സൊസൈറ്റിയുടെ ഔദ്യോഗിക കണക്കുകൾ വിപണിയുടെ പൊള്ളത്തരം തുറന്നുകാട്ടുന്നതാണ്. ഈ കാലയളവിൽ ശീതീകരിച്ച അണ്ഡങ്ങളിൽ നിന്ന് രൂപപ്പെടുത്തിയ ഭ്രൂണങ്ങൾ ഗർഭപാത്രത്തിൽ നിക്ഷേപിച്ചപ്പോൾ കേവലം 25 ശതമാനം മാത്രമാണ് വിജയകരമായ പ്രസവത്തിൽ കലാശിച്ചത്.
10,000 മുതൽ 15,000 വരെ കനേഡിയൻ ഡോളർ ചിലവ് വരുന്നതും കഠിനമായ ഹോർമോൺ ചികിത്സകൾ ആവശ്യമുള്ളതുമായ ഈ പ്രക്രിയയിലുള്ള വലിയ പരാജയസാധ്യതകളെക്കുറിച്ച് സ്ത്രീകൾക്ക് കൃത്യമായ മുന്നറിയിപ്പ് നൽകുന്നില്ല. ക്ലിനിക്കുകൾക്ക് കൃത്യമായ ലൈസൻസിംഗോ കേന്ദ്രീകൃതമായ നിരീക്ഷണമോ ഇല്ലെന്നത് ഈ വിപണിയുടെ സുതാര്യതയെ കൂടുതൽ ബാധിക്കുന്നു. ഉയർന്ന ലാഭം മാത്രം ലക്ഷ്യമിട്ടുള്ള ഇത്തരം കോർപ്പറേറ്റ് വ്യാജപ്രചാരണങ്ങൾക്കെതിരെ കർശനമായ ജാഗ്രത വേണമെന്നും ആരോഗ്യരംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.