കാനഡയിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കും പൗരന്മാർക്കും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ഇന്ത്യൻ കോൺസുലേറ്റ്. കാനഡയിൽ ഇന്ത്യൻ പൗരന്മാരും, ഇന്ത്യൻ വിദ്യാർത്ഥികളും വെള്ളത്തിൽ മുങ്ങിമരിക്കുന്ന സംഭവങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ടൊറൻ്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അടിയന്തര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്.
കാനഡയിലെ വിവിധ ജലാശയങ്ങളിൽ ഇന്ത്യൻ പൗരന്മാർ മുങ്ങിമരിക്കുന്ന സംഭവങ്ങൾ സമീപകാലത്തായി വർദ്ധിച്ചുവരുന്നതായി കോൺസുലേറ്റ് ചൂണ്ടിക്കാണിക്കുന്നു. അതിനാൽ ഇന്ത്യൻ പൗരന്മാരും അന്താരാഷ്ട്ര വിദ്യാർത്ഥികളും തടാകങ്ങൾ, നദികൾ, ബീച്ചുകൾ മറ്റ് ജലാശയങ്ങൾ എന്നിവ സന്ദർശിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്ന് കോൺസുലേറ്റ് കർശനമായി നിർദ്ദേശിച്ചു.
ജലാശയങ്ങൾക്ക് സമീപം നൽകാറുള്ള എല്ലാ സുരക്ഷാ നിർദ്ദേശങ്ങളും കൃത്യമായി പാലിക്കണം. പരിചിതമല്ലാത്തതോ സുരക്ഷിതമല്ലാത്തതോ ആയ വെള്ളത്തിൽ ഇറങ്ങാതിരിക്കുക. കൂടാതെ ആവശ്യമായ സാഹചര്യങ്ങളിൽ ലൈഫ് ജാക്കറ്റുകൾ നിർബന്ധമായും ധരിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. കാനഡയിലെ ഇന്ത്യൻ സമൂഹത്തിൻ്റെയും, പഠനത്തിനായി എത്തിയിട്ടുള്ള വിദ്യാർത്ഥികളുടെയും സുരക്ഷ മുൻനിർത്തിയാണ് ഇന്ത്യൻ കോൺസുലേറ്റ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.