ലോകകപ്പ് മത്സരങ്ങൾ കാണാൻ കാനഡയിലേക്ക് എത്തുന്ന വിദേശ സഞ്ചാരികൾക്ക് രാജ്യത്തെ മയക്കുമരുന്ന് വിപണിയുടെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്കി കനേഡിയൻ സർക്കാർ രംഗത്തെത്തി. 2016 മുതൽ ബ്രിട്ടീഷ് കൊളംബിയയിൽ മാത്രം 16,000-ത്തിലധികം ആളുകളുടെ മരണത്തിന് കാരണമായ മയക്കുമരുന്ന് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് വാൻകൂവർ, ടൊറന്റോ നഗരങ്ങളിലെ ആരോഗ്യ വകുപ്പ് അധികൃതർ ഈ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
വാൻകൂവർ സംഘാടകർ പുറത്തിറക്കിയ പ്രത്യേക നിർദ്ദേശ രേഖ പ്രകാരം കൊക്കെയ്ൻ, എം.ഡി.എം.എ, കെറ്റമിൻ തുടങ്ങിയ ലഹരിവസ്തുക്കളിലോ വ്യാജ ഗുളികകളിലോ പോലും മാരകമായ 'ഫെൻ്റാനിൽ' പോലുള്ള വിഷപദാർത്ഥങ്ങൾ കലർന്നിരിക്കാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കുന്നു. കാനഡയിലെ അനധികൃത മയക്കുമരുന്ന് വിപണി തീർത്തും പ്രവചനാതീതമാണ്.
യൂറോപ്പിൽ നിന്നടക്കം എത്തുന്ന പല വിനോദസഞ്ചാരികൾക്കും കാനഡയിലെ ഈ മയക്കുമരുന്ന് പ്രതിസന്ധിയെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകില്ലെന്ന് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. കുറഞ്ഞ അളവിലുള്ള ഉപയോഗം പോലും മരണത്തിന് കാരണമായേക്കാം. ലഹരിമരുന്ന് അമിതമായി ഉള്ളിൽച്ചെന്ന് അപകടമുണ്ടായാൽ ഉടൻ തന്നെ അടിയന്തര സഹായത്തിനായി 911 എന്ന നമ്പറിൽ ബന്ധപ്പെടാൻ അധികൃതർ ആവശ്യപ്പെട്ടു. കാനഡയിലെ 'ഗുഡ് സമരിറ്റൻ ഡ്രഗ് ഓവർഡോസ് ആക്ട്' പ്രകാരം ഇത്തരം അടിയന്തര ഘട്ടങ്ങളിൽ സഹായം തേടുന്നവരെ കേസ്സുകളിൽ നിന്നും നിയമനടപടികളിൽ നിന്നും സംരക്ഷിക്കുന്നുണ്ട്.
മത്സരങ്ങളോടനുബന്ധിച്ച് വലിയ ജനക്കൂട്ടം എത്തുന്ന ഈ സമയത്ത്, ലഹരിവിരുദ്ധ സഹായ പദ്ധതികൾ വെട്ടിക്കുറയ്ക്കുന്നത് ടൊറൻ്റോ പോലുള്ള നഗരങ്ങളിൽ കൂടുതൽ അപകടസാധ്യത വർദ്ധിപ്പിക്കുമെന്ന് പകർച്ചവ്യാധി വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നവർ അത് മുൻകൂട്ടി പരിശോധിച്ച് വിഷാംശമില്ലെന്ന് ഉറപ്പുവരുത്താനുള്ള സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും, അടിയന്തര രക്ഷാ മരുന്നായ 'നാലോക്സോൺ' കൈവശം കരുതണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു. മയക്കുമരുന്നിന് പുറമെ വലിയ ആഘോഷങ്ങൾക്കിടയിലെ അമിതമായ മദ്യപാനവും അക്രമങ്ങൾക്ക് കാരണമായേക്കാമെന്ന് ആശങ്കയുണ്ട്.