കാൽഗരിയിൽ വീടിനുള്ളിൽ അമ്മയെയും കുട്ടിയെയും മരിച്ച നിലയിൽ കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു

By: 600110 On: Jun 11, 2026, 6:33 AM

കാൽഗരിയിലെ ടെമ്പിൾ കമ്മ്യൂണിറ്റിയിൽ ഒരു വീടിനുള്ളിൽ അമ്മയെയും കുട്ടിയെയും മരിച്ച നിലയിൽ കണ്ടെത്തി. നാല്‍പത് വയസ്സോളം പ്രായമുള്ള സ്ത്രീയെയും  പത്ത് വയസ്സിൽ താഴെയുള്ള കുട്ടിയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുള്ളതായും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതായും കാൽഗരി പോലീസ് അറിയിച്ചു.

വെൽഫയർ ചെക്കിങ്ങിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ  മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു.  അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും വളരെ സങ്കീർണ്ണമായ കേസാണ് ഇതെന്നും കാൽഗരി പോലീസ് ചീഫ് കാറ്റി മക് ലെല്ലൻ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തിൻ്റെ ഭാഗമായതിനാൽ ആരാണ് പോലീസിനെ വിളിച്ച് വിവരം അറിയിച്ചത് എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് ഇപ്പോൾ പുറത്തുവിട്ടിട്ടില്ല. 

കാൽഗരിയിൽ ഒരു മാസത്തിനിടെ കുട്ടികൾ ഉൾപ്പെടുന്ന രണ്ടാമത്തെ ദുരൂഹ മരണമാണിത്. ഇത്തരം സംഭവങ്ങൾ കുടുംബങ്ങൾക്കും പ്രദേശവാസികൾക്കും ഒപ്പം കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർക്കും വലിയ മാനസിക വിഷമം ഉണ്ടാക്കുന്നതാണെന്ന് പോലീസ് ചീഫ് വ്യക്തമാക്കി. പ്രദേശവാസികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും ഈ മരണങ്ങളെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുന്നവർ കാൽഗരി പോലീസിനെയോ (403-266-1234) അല്ലെങ്കിൽ ക്രൈം സ്റ്റോപ്പേഴ്സിനെയോ (1-800-222-8477) വിവരമറിയിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

സംഭവം പ്രദേശവാസികളെ ഒന്നടങ്കം ഞെട്ടിച്ചിട്ടുണ്ട്. എങ്കിലും നിലവിൽ പൊതുജനങ്ങൾക്ക് മറ്റ് സുരക്ഷാ ഭീഷണികൾ ഒന്നും നിലവിലില്ലെന്ന് പോലീസ് ഉറപ്പുനൽകി. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ഔദ്യോഗിക അറിയിപ്പുകൾ പുറത്തുവിടുമെന്നും അധികൃതർ അറിയിച്ചു.