'ഇന്‍സൈറ്റ് ഫോര്‍ ആന്‍ അബണ്ടന്റ് ലൈഫ്' പുസ്തകപ്രകാശനം ഡോ. യുയാക്കിം മാര്‍ കൂറിലോസ് നിര്‍വഹിച്ചു 

By: 600002 On: Jun 10, 2026, 8:38 AM



 

പി പി ചെറിയാന്‍

ഡാലസ്: ഡാലസ് കാരോള്‍ട്ടന്‍ മാര്‍ത്തോമ ഇടവകാംഗമായ ജോര്‍ജ് പി. ആന്‍ഡ്രൂസ് രചിച്ച 'ഇന്‍സൈറ്റ്‌സ് ഫോര്‍ ആന്‍ അബണ്ടന്റ് ലൈഫ്'  എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു. മാര്‍ത്തോമ സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. യുയാക്കിം മാര്‍ കൂറിലോസ് ആണ് പുസ്തകപ്രകാശനം നടത്തിയത്.

ജൂണ്‍ 6 ശനിയാഴ്ച ഇടവകയില്‍ വെച്ച് നടന്ന വിശുദ്ധ കുബാനക് ശേഷം സംഘടിപ്പിച്ച  ലളിതമായ ചടങ്ങില്‍, ഫാര്‍മേഴ്സ് മാര്‍ത്തോമാ ഇടവകാംഗമായ മാത്യൂസ് അബ്രഹാമില്‍ നിന്നും  പുസ്തകത്തിന്റെ ആദ്യപ്രതി അഭിവന്ദ്യ തിരുമേനി ഏറ്റുവാങ്ങി. ചടങ്ങില്‍ പുസ്തകത്തിന്റെ രത്‌നച്ചുരുക്കം ആമുഖമായി ഗ്രന്ഥ കര്‍ത്താവ് ജോര്‍ജ് പി. ആന്‍ഡ്രൂസ് (കുട്ടന്‍) വിശദീകരിച്ചു. 

ഫാര്‍മേഴ്സ് മാര്‍ത്തോമാ റവ എബ്രഹാം വി സാംസണ്‍ കാരോള്‍ട്ടന്‍  ഇടവക വികാരി റവ. ജസ്റ്റിന്‍ പാപ്പച്ചന്‍, സെന്റ് ആന്‍ഡ്രൂസ്  എപ്പിസ്‌കോപ്പല്‍ ചര്‍ച്ച് വികാരി റവ. റോയ് തോമസ് തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

വിശ്വാസം, നേതൃപാടവം, യഥാര്‍ത്ഥ ജീവിതാനുഭവങ്ങള്‍ എന്നിവയില്‍ നിന്നുള്ള പ്രായോഗിക ജ്ഞാനമാണ്  ഈ പുസ്തകത്തിലൂടെ ജോര്‍ജ് പി. ആന്‍ഡ്രൂസ് പങ്കുവെക്കുന്നത്. 1951 മേയ് 19-ന് കേരളത്തില്‍ പരേതരായ പി. കോരയുടെയും ലൂസി ആന്‍ഡ്രൂസിന്റെയും മകനായാണ് അദ്ദേഹം ജനിച്ചത്. വിദ്യാര്‍ത്ഥി നേതാവായി പൊതുരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം ചെറുപ്പകാലം മുതല്‍ക്കേ മികച്ച നേതൃപാടവം പുലര്‍ത്തിയിരുന്നു.

കേരള യൂണിവേഴ്‌സിറ്റിയിലെ പഠനകാലത്ത് യൂണിവേഴ്‌സിറ്റി കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു. കാമ്പസ് അഡ്മിനിസ്‌ട്രേഷന്‍ ശക്തമാക്കുന്നതിലും വിദ്യാര്‍ത്ഥി ക്ഷേമ പ്രവര്‍ത്തനങ്ങളിലും വലിയ സംഭാവനകള്‍ നല്‍കി. എം.ബി.എ (MBA) ഉള്‍പ്പെടെയുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ സര്‍വകലാശാലയില്‍ ആരംഭിക്കുന്നതിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. എക്കണോമിക്‌സിലും ബിസിനസ് അഡ്മിനിസ്‌ട്രേഷനിലും അദ്ദേഹം ബിരുദാനന്തര ബിരുദങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

1977-ല്‍ അമേരിക്കയിലേക്ക് കുടിയേറിയ അദ്ദേഹം, യുടി സൗത്ത് വെസ്റ്റേണ്‍ മെഡിക്കല്‍ സെന്ററില്‍ ഓപ്പറേഷന്‍സ് മാനേജര്‍ ഉള്‍പ്പെടെയുള്ള പ്രധാന പദവികള്‍ വഹിച്ചു. പിന്നീട് സ്വന്തമായി സി.പി.എ  ഫേം സ്ഥാപിക്കുകയും മികച്ച ധനകാര്യ മാനേജ്മെന്റ് രീതികളിലൂടെ നിരവധി ബിസിനസ് സംരംഭങ്ങളുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്തു.

സാമൂഹിക-ആത്മീയ രംഗം: ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച അദ്ദേഹം ആത്മീയ-സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. മാര്‍ത്തോമ സഭയുടെ പ്രാദേശിക, ഡയോസിഷന്‍  തലങ്ങളില്‍ വിവിധ നേതൃസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കൂടാതെ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ രൂപീകരണത്തിലും വളര്‍ച്ചയിലും അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു.

വരുംതലമുറയ്ക്ക് പ്രചോദനമേകുക എന്ന ലക്ഷ്യത്തോടെയാണ്, വിരമിച്ച ശേഷം തന്റെ ജീവിതാനുഭവങ്ങള്‍ കോര്‍ത്തിണക്കി അദ്ദേഹം ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത്.പുസ്തക പ്രകാശനത്തിനു സഹായിച്ച വി ടി എബ്രഹാം ,ഷാജി രാമപുരം എന്നവര്‍ക്കു ജോര്‍ജ് പി. ആന്‍ഡ്രൂസ് നന്ദി രേഖപ്പെടുത്തി.  റവ. റോയ് തോമസ് അച്ചന്റെ സമാപന പ്രാര്‍ഥനയ്ക്കും തിരുമേനിയുടെ ആശീര്‍വാദത്തിനും ശേഷം ചടങ്ങു സമാപിച്ചു.