യഥാര്‍ത്ഥ സ്വാതന്ത്ര്യവും സാമൂഹിക മാറ്റവും ഉണ്ടാകേണ്ടത് നിയമങ്ങളിലൂടെയല്ല പരസ്പരമുള്ള ക്രിസ്തീയ സ്‌നേഹത്തില്‍ നിന്നായിരിക്കണം :ഡോ. യുയാക്കിം മാര്‍ കൂറിലോസ്

By: 600002 On: Jun 10, 2026, 8:31 AM



 

പി. പി ചെറിയാന്‍

ഡാളസ്: യഥാര്‍ത്ഥ സ്വാതന്ത്ര്യവും സാമൂഹിക മാറ്റവും ഉണ്ടാകേണ്ടത് നിയമങ്ങളിലൂടെയല്ല, മറിച്ച് ദൈവവുമായുള്ള ആഴമേറിയ ബന്ധത്തില്‍ നിന്നും പരസ്പരമുള്ള ക്രിസ്തീയ സ്‌നേഹത്തില്‍ നിന്നുമാണെന്ന്  ഡോ. യുയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത ഓര്‍മിപ്പിച്ചു.  അന്തര്‍ദേശീയ പ്രാര്‍ത്ഥനാ കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്റെ 630-ാമത് പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ ജൂണ്‍ 9 ചൊവ്വാഴ്ച രാത്രി മുഖ്യ സന്ദേശം നല്‍കുകയായിരുന്നു തിരുമേനി.

അമേരിക്കയില്‍ ഹ്രസ്വ സന്ദര്‍ശനത്തിനായി എത്തിച്ചേര്‍ന്ന  മാര്‍ത്തോമ്മാ സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്ത റൈറ്റ് റവ. ഡോ. യുയാക്കിം മാര്‍ കൂറിലോസ് ഡാളസ്സില്‍ നിന്നാണ് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയത്. ദൈവത്തിന്റെ ശക്തമായ പ്രവൃത്തികളില്‍ വിശ്വസിച്ച്, പ്രതികൂല സാഹചര്യങ്ങളില്‍ ഒന്നിച്ച് പ്രാര്‍ത്ഥിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.

വിശുദ്ധ ബൈബിളിലെ ഫിലേമോന് എഴുതിയ ലേഖനം ഒന്നാം അധ്യായം 1 മുതല്‍ 10 വരെയുള്ള വാക്യങ്ങളെ ആസ്പദമാക്കിയാണ് തിരുമേനി മുഖ്യസന്ദേശം നല്‍കിയത്. ക്രിസ്തീയ ജീവിതത്തിലെ സ്‌നേഹത്തിന്റെയും യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിന്റെയും ആഴം വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

പൗലോസ് അപ്പൊസ്തലന്‍ റോമിലെ തടവറയില്‍ കിടന്നുകൊണ്ട് തന്റെ പ്രിയ സഹപ്രവര്‍ത്തകനായ ഫിലേമോന് എഴുതുന്ന കത്ത് കേവലമൊരു സന്ദേശമല്ല, മറിച്ച് യഥാര്‍ത്ഥ 'സ്വാതന്ത്ര്യപ്രഖ്യാപന'മാണെന്ന് മെത്രാപ്പോലീത്ത ചൂണ്ടിക്കാണിച്ചു. അക്കാലത്തെ അടിമത്തത്തിന്റെ കരിനിയമങ്ങള്‍ ഭേദിച്ച്, ഒളിച്ചോടിയ അടിമയായ ഒനേസിമൊസിനെ ക്രിസ്തുവിലുള്ള പ്രിയ സഹോദരനായി സ്വീകരിക്കാന്‍ ഫിലേമോനോട് അപ്പൊസ്തലന്‍ ആവശ്യപ്പെടുന്നുണ്ട്.

ജീവിതത്തില്‍ അപ്രതീക്ഷിതമായി കടന്നുവരുന്ന കഷ്ടപ്പാടുകളുടെ കഠിനമായ 'തണുപ്പുള്ള രാത്രികളില്‍' പോലും ദൈവത്തിന്റെ സാന്നിധ്യം കൂടെയുണ്ടാകുമെന്ന പൂര്‍ണ്ണവിശ്വാസം വിശ്വാസികള്‍ക്ക് കൈമുതലായിരിക്കണം. യേശുക്രിസ്തുവിന്റെ മാതാവായ പരിശുദ്ധ മറിയം കുരിശിന്‍ചുവട്ടില്‍ അനുഭവിച്ച കഠിനമായ കഷ്ടതകളെയും സമകാലിക ജീവിതാനുഭവങ്ങളെയും ഉദാഹരിച്ചുകൊണ്ട്, പ്രതിസന്ധികളില്‍ തളരാതെ ദൈവത്തില്‍ പൂര്‍ണ്ണമായി ആശ്രയിക്കാനും ദൈവഹിതത്തിന് കീഴ്പെടാനും തിരുമേനി ആഹ്വാനം ചെയ്തു.

ടെക്‌സസിലെ ലബ്ബക്ക്  മാര്‍ത്തോമ്മാ ഇടവക വികാരി റവ. ജെയിംസ് കെ. ജോണ്‍ പ്രാരംഭ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. ഹൂസ്റ്റണില്‍ നിന്നുള്ള ഐ പി എല്‍ കോര്‍ഡിനേറ്റര്‍ . ടി. എ. മാത്യു സമ്മേളനത്തിന് സ്വാഗതവും ആമുഖവും നല്‍കി.

ഡാളസില്‍ നിന്നുള്ള മി. പി. ടി. മാത്യു ഫിലേമോന്‍ 1:1-10 വരെയുള്ള വേദഭാഗം ഭക്തിപൂര്‍വ്വം വായിച്ചു. മി. മാത്യു ലൂക്കോസ് മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. ഹൂസ്റ്റണില്‍ നിന്നുള്ള ജോസഫ് ടി. ജോര്‍ജ് (രാജു) സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കും അതിഥികള്‍ക്കും നന്ദി രേഖപ്പെടുത്തി.
 
അമേരിക്കയിലെ വിവിധ ടൈം സോണുകളില്‍ നിന്നും  വിവിധ രാജ്യങ്ങളില്‍ നിന്നുമായി  നിരവധി വിശ്വാസികള്‍ ഫോണ്‍ കോണ്‍ഫറന്‍സ് വഴി ഈ ആത്മീയ കൂട്ടായ്മയില്‍ പങ്കുചേര്‍ന്ന് അനുഗ്രഹം പ്രാപിച്ചു.