മക്കളെ കാറിലിരുത്തി വിഷവാതകം ശ്വസിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം: അമേരിക്കയില്‍ നടുക്കുന്ന സംഭവം

By: 600002 On: Jun 10, 2026, 8:21 AM



 

പി പി ചെറിയാന്‍

ഒറിഗോണ്‍: മക്കള്‍ക്കൊപ്പം ആത്മഹത്യ ചെയ്യാന്‍ പദ്ധതിയിട്ട്, ഒടുവില്‍ ഭയം തോന്നി പിന്മാറിയ ഒറിഗോണ്‍ സ്വദേശിയായ മുപ്പത്തിരണ്ടുകാരി ഷാര്‍ഡണേ മേരി ബെനവിഡസ് എന്ന അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. കാറില്‍ വെച്ച് 'സ്ലീപ് ഓവര്‍' പാര്‍ട്ടി നടത്താമെന്ന് കള്ളം പറഞ്ഞാണ് ഇവര്‍ തന്റെ രണ്ട് വയസ്സുള്ള ഇരട്ടക്കുട്ടികളെയും നാല് വയസ്സുള്ള മൂത്ത കുട്ടിയെയും കാറിനുള്ളില്‍ കയറ്റിയത്.

തുടര്‍ന്ന് കാറിന്റെ എക്സ്ഹോസ്റ്റ് പൈപ്പില്‍ നിന്നും ഉള്ളിലേക്ക് ട്യൂബ് വഴി കാര്‍ബണ്‍ മോണോക്സൈഡ് വാതകം കടത്തിവിട്ട് ഇവരെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ കൃത്യത്തിനിടയില്‍ ഭയം തോന്നിയ ഇവര്‍ സ്വയം 911 എന്ന എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് തനിക്കും മക്കള്‍ക്കും ബോധം നഷ്ടപ്പെടുന്നുണ്ടെന്ന് അറിയിക്കുകയായിരുന്നു.

ഉടന്‍ തന്നെ സ്ഥലത്തെത്തിയ പോലീസ് കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടികള്‍ നിലവില്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. ഒരു വാരത്തോളമായി ഇവര്‍ ഈ ആത്മഹത്യാശ്രമം ആസൂത്രണം ചെയ്തിരുന്നതായാണ് വിവരം. കുട്ടികളെ വധിക്കാന്‍ ശ്രമിച്ചതിന് ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. മുമ്പ് ഇവര്‍ക്ക് മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നതായി മുന്‍ ഭര്‍ത്താവ് ആന്റോണിയോ മാധ്യമങ്ങളോട് പ്രതികരിച്ചു.