അത്യുഷ്‌ണം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളിൽ നിന്നും മരണങ്ങളിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാൻ ബ്രിട്ടീഷ് കൊളംബിയയിലെ ന്യൂ വെസ്റ്റ്മിൻസ്റ്റർ സിറ്റി കൗൺസിൽ പുതിയ നിയമം പാസാക്കി. ഇതനുസരിച്ച് ചൂടുകൂടിയ മാസങ്ങളിൽ വാടകവീടുകളിൽ സുരക്ഷിതമായ താപനില നിലനിർത്താൻ ഭൂവുടമകൾ ബാധ്യസ്ഥരാണ്. 2021-ലുണ്ടായ അതിശക്തമായ ഉഷ്ണതരംഗത്തിൽ പ്രവിശ്യയിൽ 33 താമസക്കാർ മരണപ്പെട്ട പശ്ചാത്തലത്തിലാണ് ഈ കർശന നടപടി.
പുതിയ ബൈലോ ഭേദഗതി പ്രകാരം, എല്ലാ വർഷവും ഏപ്രിൽ ഒന്ന് മുതൽ ഒക്ടോബർ 31 വരെയുള്ള കാലയളവിൽ രാത്രി എട്ട് മണി മുതൽ രാവിലെ എട്ട് മണി വരെയുള്ള സമയത്ത് വാടകവീടുകളിലെ ഒൻപത് മുറികളിലെങ്കിലും താപനില 26 ഡിഗ്രി സെൽഷ്യസിൽ കൂടാൻ പാടില്ല. കെട്ടിടത്തിൻ്റെ ഘടനയ്ക്കനുസരിച്ച് അനുയോജ്യമായ തണുപ്പിക്കൽ സംവിധാനങ്ങൾ ഒരുക്കാൻ ഭൂവുടമകൾക്ക് സ്വാതന്ത്ര്യമുണ്ട്. വലിയ സാമ്പത്തിക ബാധ്യതയില്ലാതെ നടപ്പാക്കാവുന്ന ചില മാർഗ്ഗങ്ങളും സിറ്റി അധികൃതർ മുന്നോട്ട് വയ്ക്കുന്നുണ്ട്.
ജനലുകളിൽ തെർമൽ കർട്ടനുകളും വിൻഡോ ഫിലിമുകളും സ്ഥാപിക്കുക. പോർട്ടബിൾ എയർ കണ്ടീഷണറുകൾ, സീലിംഗ് ഫാനുകൾ, സ്റ്റാൻഡിംഗ് ഫാനുകൾ എന്നിവ നൽകുക. എയർ സീലിംഗ് നടത്തുകയും എച്ച്‌വിഎസി ഫിൽട്ടറുകൾ കൃത്യമായി വൃത്തിയാക്കുകയും ചെയ്യുക. വാടകക്കാർ എയർ കണ്ടീഷണറുകളോ മറ്റ് കൂളിംഗ് ഉപകരണങ്ങളോ ഉപയോഗിക്കുന്നത് തടയാൻ ഭൂവുടമകൾക്ക് അവകാശമില്ലെന്ന് സിറ്റി മുൻപ് തന്നെ നിയമം കൊണ്ടുവന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ ഉത്തരവ്.
കാലാവസ്ഥാ വ്യതിയാനം കാരണം കടുത്ത ചൂടുള്ള ദിവസങ്ങൾ വർധിച്ചു വരികയാണെന്നും നഗരങ്ങൾ ഇതിനോട് പൊരുത്തപ്പെടണമെന്നും മേയർ പാട്രിക് ജോൺസ്റ്റൺ പറഞ്ഞു. പ്രായമായവർ, മറ്റ് രോഗങ്ങളുള്ളവർ തുടങ്ങിയ വിഭാഗങ്ങളാണ് കടുത്ത ചൂടിൽ ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത്. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനൊപ്പം തന്നെ മുൻകൂട്ടിയുള്ള സുരക്ഷാ മുൻകരുതലുകൾ എടുക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ വേനൽക്കാലം മുതൽ തന്നെ നിയമം പ്രാബല്യത്തിൽ വരും. നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ നഗരസഭ പ്രത്യേക സംവിധാനമൊരുക്കും.