കാനഡയുടെ 31-ാമത് ഗവർണർ ജനറലായി ചുമതലയേറ്റ് ലൂയിസ് ആർബർ

By: 600110 On: Jun 9, 2026, 1:56 PM

 

ലൂയിസ് ആർബർ കാനഡയുടെ 31-ാമത് ഗവർണർ ജനറലായി ചുമതലയേറ്റു. ഓട്ടവയിലെ സെനറ്റ് ചേമ്പറിൽ നടന്ന പരമ്പരാഗത ചടങ്ങിലാണ് ലൂയിസ് ആർബർ ഗവർണർ ജനറലായി സ്ഥാനം ഏറ്റെടുത്തത്. തുടർന്ന് നടത്തിയ പ്രസംഗത്തിൽ അവർ കാനഡയുടെ ജനാധിപത്യത്തെ പ്രശംസിക്കുകയും, യുവാക്കൾ നേരിടുന്ന വെല്ലുവിളികൾ എടുത്തുപറയുകയും ചെയ്തു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ കാര്യത്തിൽ ജാഗ്രത വേണമെന്ന് ആവശ്യപ്പെട്ട അവർ, രാജ്യത്തെ ഒന്നിപ്പിച്ചു നിർത്തുമെന്ന് പ്രതിജ്ഞ ചെയ്യുകയും ചെയ്തു.

എഐ സാങ്കേതികവിദ്യയുടെ വളർച്ച സത്യവും അസത്യവും തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതാക്കുന്നുവെന്ന് അവർ മുന്നറിയിപ്പ് നൽകി. ഇതിൻ്റെ ദുരുപയോഗത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും ഭരണഘടനാ സ്ഥാപനങ്ങളിൽ വിശ്വാസമർപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കനേഡിയൻ സായുധ സേനയുടെ കമാൻഡർ-ഇൻ-ചീഫ് എന്ന നിലയിൽ, മുൻകാലങ്ങളിലുണ്ടായ പീഡനങ്ങളും മോശം പെരുമാറ്റങ്ങളും പരാമർശിച്ച അവർ, സേനയിൽ നടപ്പിലാക്കുന്ന ആധുനികവൽക്കരണവും വൈവിധ്യവൽക്കരണവും ധാർമ്മിക വീര്യം വീണ്ടെടുക്കാൻ സഹായിക്കുമെന്ന് പ്രത്യാശിച്ചു.പുതുതായി എത്തുന്നവരെയും പുതിയ കാഴ്ചപ്പാടുകളെയും ഇരുകൈയ്യും നീട്ടി സ്വീകരിക്കാൻ അവർ കനേഡിയക്കാരെ പ്രോത്സാഹിപ്പിച്ചു.

പ്രധാനമന്ത്രി മാർക്ക് കാർണി, എൻഡിപി നേതാവ് അവി ലൂയിസ്, മുൻ പ്രധാനമന്ത്രിമാരായ ജോ ക്ലാർക്ക്, ജീൻ ക്രെറ്റിയൻ, തദ്ദേശീയരായ ഗോത്ര നേതാക്കൾ, മറ്റ് പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഗവർണർ ജനറൽ പദവി പ്രധാനമായും ഔപചാരികം മാത്രമാണെങ്കിലും, പ്രതിസന്ധി ഘട്ടങ്ങളിൽ നിർണ്ണായകമായ ഭരണഘടനാ അധികാരങ്ങൾ കൈയാളുന്ന ഒന്നാണ്.