അക്കൗണ്ടിൽ നിന്ന് 15,000 ഡോളർ നഷ്ടപ്പെട്ടു; ബാങ്ക് കൈയൊഴിഞ്ഞതോടെ നോവ സ്കോഷ്യ സ്വദേശി കടക്കെണിയിൽ

By: 600110 On: Jun 9, 2026, 1:03 PM

 

നോവ സ്കോഷ്യയിലെ ടിഡി ബാങ്ക് കസ്റ്റമറുടെ അക്കൗണ്ടിൽ നിന്ന് പതിനയ്യായിരം ഡോളറോളം നഷ്ടപ്പെട്ട സംഭവത്തിൽ ഉത്തരവാദിത്തം കസ്റ്റമറുടെ മേൽ കെട്ടിവച്ച് പണം തിരികെ നൽകാൻ വിസമ്മതിച്ച് ബാങ്ക് അധികൃതർ. കാനഡയിലെ ഡാർട്ട്മൗത്ത് സ്വദേശിയായ ഷാക്കിർ അഹമ്മദ് എന്ന വ്യക്തിയുടെ അറിവോ സമ്മതമോ കൂടാതെയാണ് അദ്ദേഹത്തിൻ്റെ ലൈൻ ഓഫ് ക്രെഡിറ്റിൽ നിന്നാണ് വലിയ തുക തട്ടിയെടുക്കപ്പെട്ടത്.

താൻ അറിയാതെ ഇ-ട്രാൻസ്ഫറുകൾ വഴി പതിനയ്യായിരം ഡോളറോളം നഷ്ടപ്പെട്ടതായി കഴിഞ്ഞ ജൂലൈയിലാണ് ഷാക്കിർ തിരിച്ചറിഞ്ഞത്. ക്രാക്കൻ എന്ന ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചിലേക്കും പേപ്പർ എന്ന പേയ്‌മെൻ്റ് കമ്പനിയിലേക്കുമാണ് ഷാക്കിറിൻ്റെ അക്കൗണ്ടിൽ നിന്ന് പണം കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത്. ഇതൊരു വലിയ സാമ്പത്തിക തട്ടിപ്പാണെന്ന് മനസ്സിലാക്കിയ അദ്ദേഹം ഉടൻ തന്നെ ബാങ്കിൻ്റെ ഫ്രോഡ് ഡിപ്പാർട്ട്മെൻ്റിലും ഒപ്പം ഹാലിഫാക്സ് പോലീസിലും പരാതി നൽകി. തങ്ങളെപ്പോലെയുള്ള ഉപഭോക്താക്കളെ ബാങ്ക് സംരക്ഷിക്കുമെന്ന് അദ്ദേഹം കരുതിയെങ്കിലും ആഴ്ചകൾക്ക് ശേഷം ബാങ്ക് നടത്തിയ അന്വേഷണത്തിൽ ഈ പണം നഷ്ടമായതിന് ഉത്തരവാദി ഷാക്കിർ തന്നെയാണെന്ന മറുപടിയാണ് ലഭിച്ചത്.

തട്ടിപ്പ് നടന്നത് ഷാക്കിറിൻ്റെ പതിവ് ഐപി വിലാസവും വൺ ടൈം പാസ്‌കോഡുകളും ഉപയോഗിച്ചാണെന്ന് ബാങ്ക് അധികൃതർ അവകാശപ്പെട്ടു. എന്നാൽ അത്തരം പാസ്‌കോഡുകൾ തനിക്ക് ഒരിക്കലും ലഭിച്ചിട്ടില്ലെന്നും ആദ്യത്തെ തട്ടിപ്പ് നടന്ന് എട്ട് ദിവസങ്ങൾക്ക് ശേഷമാണ് താൻ ഈ വിവരമറിയുന്നതെന്നും ഷാക്കിർ പറയുന്നു. ബാങ്കിങ് ഓംബുഡ്സ്മാനെ സമീപിച്ച് അദ്ദേഹം അപ്പീൽ നൽകിയെങ്കിലും കസ്റ്റമറുടെ ലോഗിൻ വിവരങ്ങൾ തന്നെയാണ് ഉപയോഗിച്ചതെന്ന് കാണിച്ച് അവർ ബാങ്കിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.

എന്നാൽ ഉപകരണങ്ങൾ വ്യാജമായി നിർമ്മിച്ച് ഹാക്ക് ചെയ്യുന്നത് വളരെ എളുപ്പമാണെന്നും ബാങ്കുകൾ തങ്ങളുടെ സുരക്ഷാ വീഴ്ചകൾ കസ്റ്റമറുടെ മേൽ കെട്ടിവെക്കുകയാണെന്നും സൈബർ സുരക്ഷാ വിദഗ്ധർ പറയുന്നു. കാനഡയിലെ ബാങ്കുകൾ യാതൊരു തെളിവുമില്ലാതെ കസ്റ്റമർമാരുടെ മേൽ കുറ്റം ചുമത്തി കൈ കഴുകുന്ന പ്രവണത കൂടിവരികയാണെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു. തൻ്റെ വാർഷിക ശമ്പളത്തിൻ്റെ മൂന്നിലൊന്ന് വരുന്ന തുക നഷ്ടപ്പെട്ടതിൽ ഷാക്കിർ കടക്കെണിയിലാവുകയും പ്രതിമാസം നൂറ് ഡോളറിലധികം പലിശയായി ബാങ്കിലേക്ക് അടച്ചുകൊണ്ടിരിക്കുകയുമാണ്.

സമാനമായ രീതിയിൽ പതിനായിരം ഡോളറും മൂവായിരം ഡോളറും നഷ്ടപ്പെട്ട മറ്റ് രണ്ട് കസ്റ്റമർമാരുടെ വിവരങ്ങൾ   കണ്ടെത്തുകയും അവർക്ക് പിന്നീട് പണം തിരികെ ലഭിച്ചതായും വ്യക്തമായിട്ടുണ്ട്. എന്നിട്ടും ബാങ്ക് അധികൃതർ യാതൊരു സുരക്ഷാ മുന്നറിയിപ്പും നൽകാത്തതിനെ സൈബർ വിദഗ്ധർ ചോദ്യം ചെയ്യുന്നുണ്ട്.