ശരീരത്തിന് ഊര്‍ജവും മനസ്സിന് ഉണര്‍വും നല്‍കുമെന്നതാണ് കോഫിയുടെ ഗുണം. എന്നാല്‍ കാപ്പി ചിലരില്‍ അശാന്തി, വിറയല്‍, ഹൃദയമിടിപ്പ് കൂടല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ക്കും കാരണമാകാറുണ്ട്. പലപ്പോഴും ഇവ ഉത്കണ്ഠയുടെ ലക്ഷണങ്ങളുമായി സാമ്യമുള്ളതുമാണ്. അനസ്തീഷ്യോളജിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന്‍ വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പറയുന്നത്, നമ്മളെ ഉണര്‍ത്തുന്ന അതേ പ്രക്രിയ തന്നെയാണ് ചിലരില്‍ ഉത്കണ്ഠ പോലുള്ള അനുഭവങ്ങള്‍ ഉണ്ടാക്കുന്നതെന്നാണ്.
ഉറക്കം വരാനും ശരീരം വിശ്രമാവസ്ഥയിലാകാനും സഹായിക്കുന്ന ഒരു രാസപദാര്‍ത്ഥമാണ് അഡിനോസിന്‍. കഫീന്‍ ഈ അഡിനോസിന്റെ പ്രവര്‍ത്തനത്തെ തടയുന്നു. ഇത്കാരണം ക്ഷീണം കുറയുകയും കൂടുതല്‍ ഉണര്‍വും ജാഗ്രയും അനുഭവപ്പെടുകയും ചെയ്യുന്നു.
എന്നാല്‍ അതോടൊപ്പം തന്നെ നാഡീവ്യവസ്ഥ കൂടുതല്‍ സജീവമാകാനും സാധ്യതയുണ്ട്. ഇതിന്റെ ഫലമായി ഹൃദയമിടിപ്പ് വര്‍ധിക്കുക, കൈകള്‍ വിറയ്ക്കുക, അമിതമായി വിയര്‍ക്കുക, അസ്വസ്ഥത അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാകാം.
ഈ അസ്വസ്ഥതകള്‍ എല്ലാവരിലും ഉണ്ടാകണമെന്നില്ല. കഫീന്റെ സ്വാധീനം ഓരോരുത്തരിലും വ്യത്യസ്തമാണ്. ഒരാള്‍ക്ക് ദിവസത്തില്‍ മൂന്നോ നാലോ കപ്പ് കാപ്പി പ്രശ്‌നമില്ലാതെ കുടിക്കാന്‍ കഴിയുമ്പോള്‍, മറ്റൊരാള്‍ക്ക് ഒരു കപ്പ് പോലും അസ്വസ്ഥത സൃഷ്ടിച്ചേക്കാം.