'ആൽബർട്ട' പ്രവിശ്യയെ കാനഡയിൽ നിന്ന് സ്വതന്ത്രമാക്കാനുള്ള വിഘടനവാദ നീക്കത്തിൽ ഇന്ത്യ, പാകിസ്ഥാൻ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള 14 പ്രധാന ഫേസ്ബുക്ക് അക്കൗണ്ടുകൾ സജീവമായി ഇടപെടുന്നതായി റിപ്പോർട്ട്. യഥാർത്ഥ ആൽബർട്ടൻ സ്വദേശികളാണെന്ന വ്യാജേന വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകൾ പങ്കുവയ്ക്കുകയാണ് ഇവർ ചെയ്യുന്നത്. മോണിറ്റൈസേഷൻ വഴി പണം സമ്പാദിക്കുക മാത്രമാണ് ഇവരുടെ ലക്ഷ്യം.
ഇത്തരത്തിൽ പ്രവർത്തിക്കുന്ന 14 പ്രധാന അക്കൗണ്ടുകൾ സി.ബി.സി കണ്ടെത്തി. ഉദാഹരണത്തിന് Nieta Aqila എന്ന പേരിൽ ആൽബർട്ട വിഘടനവാദത്തെ പിന്തുണച്ച് പോസ്റ്റിട്ടിരുന്ന അക്കൗണ്ട് യഥാർത്ഥത്തിൽ ഇൻഡോനേഷ്യയിലെ ഒരു യുവതിയുടേതാണ്. യഥാർത്ഥ ആൽബർട്ടൻ സ്വദേശികളുടെ ചിത്രങ്ങളും പോസ്റ്റുകളും അതേ പടി മോഷ്ടിച്ചാണ് ഇവർ ഗ്രൂപ്പുകളിൽ പങ്കുവെച്ചിരുന്നത്.
കാനഡയിലെ രാഷ്ട്രീയ വിഷയങ്ങളിൽ ആളുകൾക്കുള്ള വൈകാരികമായ പ്രതികരണങ്ങളെ ചൂഷണം ചെയ്ത് പണമുണ്ടാക്കുകയാണ് ഈ അക്കൗണ്ടുകൾ ചെയ്യുന്നത്. ഫേസ്ബുക്കിൽ നിന്ന് തങ്ങൾക്ക് ലഭിക്കുന്ന വരുമാനത്തിൻ്റെ സ്ക്രീൻഷോട്ടുകൾ ചിലർ പങ്കുവെച്ചിട്ടുണ്ട്. ഇത് ഏതെങ്കിലും തരത്തിലുള്ള വിദേശ രാഷ്ട്രീയ ഇടപെടലല്ലെന്നും, മറിച്ച് ആളുകളെ പ്രകോപിപ്പിച്ച് സോഷ്യൽ മീഡിയയിലൂടെ പണമുണ്ടാക്കാനുള്ള തന്ത്രം മാത്രമാണെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ചില അക്കൗണ്ടുകൾ വലിയ തോതിൽ വിദ്വേഷം ജനിപ്പിക്കുന്ന പോസ്റ്റുകൾ നിർമ്മിക്കാൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യ പോലും ഉപയോഗിക്കുന്നുണ്ട്. ഇവയ്ക്ക് താഴെ യഥാർത്ഥ ഉപയോക്താക്കൾ അക്രമത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള കമൻ്റുകൾ ഇടുന്നതായും കണ്ടെത്തിയിട്ടുണ്ട്. റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ വ്യാജമായി പ്രവർത്തിച്ച ചില അക്കൗണ്ടുകൾ നിയമലംഘനത്തിന് മെറ്റാ നീക്കം ചെയ്തു. എങ്കിലും ചില അക്കൗണ്ടുകൾ ഇപ്പോഴും സജീവമാണ്.