ഒക്ടോബറിലെ ഹിതപരിശോധനയ്ക്കായി 60,000 ജീവനക്കാരെ തേടി ഇലക്ഷൻസ് ആൽബർട്ട

By: 600110 On: Jun 9, 2026, 12:30 PM

 

കാനഡയിൽ നിന്ന് വേർപിരിയുന്നത് സംബന്ധിച്ച് ഒക്ടോബർ 19-ന് നടക്കാനിരിക്കുന്ന ഹിതപരിശോധനയ്ക്കായി ചരിത്രത്തിലെ ഏറ്റവും വലിയ റിക്രൂട്ട്‌മെൻ്റ് ഡ്രൈവുമായി 'ഇലക്ഷൻസ് ആൽബർട്ട'. വോട്ടെടുപ്പ് സുഗമമായി നടത്തുന്നതിനായി 60,000 ജീവനക്കാരെയാണ് ഏജൻസി തേടുന്നത്. കഴിഞ്ഞ പ്രവിശ്യാ തെരഞ്ഞെടുപ്പിൽ പങ്കെടുത്തതിനേക്കാൾ നാലിരട്ടിയിലധികം ജീവനക്കാരാണ് ഇത്തവണ ആവശ്യമുള്ളത്.

ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാൻ വിദ്യാർത്ഥികൾ, കമ്മ്യൂണിറ്റി ഗ്രൂപ്പുകൾ ഉൾപ്പെടെ ജീവിതത്തിൻ്റെ വിവിധ തുറകളിലുള്ള എല്ലാ ആൽബർട്ടൻ പൌരന്മാരും മുന്നോട്ട് വരണമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ ഗോർഡൻ മക്ലൂർ അഭ്യർത്ഥിച്ചു. പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിൽ നിന്നുള്ളവരുടെ പങ്കാളിത്തം വളരെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

16 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള, കാനഡയിൽ ജോലി ചെയ്യാൻ യോഗ്യതയുള്ള ആർക്കും ഇതിനായി അപേക്ഷിക്കാം. ചില തസ്തികകളിലേക്ക് കുറഞ്ഞത് 18 വയസ്സ് പൂർത്തിയായിരിക്കണം. അപേക്ഷകർക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടാകരുതെന്നത് നിർബന്ധമാണ്. മാത്രമല്ല ഇലക്ഷൻസ് ആൽബർട്ടയിൽ ജോലി ചെയ്യുന്ന സമയത്ത് രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും പാടില്ല.

ഏറെ ചിലവേറിയതും സങ്കീർണ്ണവുമായ പ്രക്രിയയാണ് വരാനിരിക്കുന്നത്. 2023-ലെ പ്രവിശ്യാ തെരഞ്ഞെടുപ്പിൽ 18 ലക്ഷം ബാലറ്റുകൾ മാത്രമാണ് ഉപയോഗിച്ചതെങ്കിൽ, ഇത്തവണ 4.5 കോടി ബാലറ്റുകളാണ് അച്ചടിക്കുന്നത്. ആകെ 10 ചോദ്യങ്ങളാണ് ഹിതപരിശോധനയിൽ ഉള്ളത്. ഓരോ ചോദ്യത്തിനും വ്യത്യസ്ത നിറങ്ങളിലുള്ള പ്രത്യേക ബാലറ്റുകൾ ഉണ്ടായിരിക്കും. വോട്ടർമാർക്ക് എല്ലാ ചോദ്യങ്ങൾക്കും അല്ലെങ്കിൽ താല്പര്യമുള്ള ചോദ്യങ്ങൾക്ക് മാത്രം മറുപടി നൽകാം.

കാനഡയിൽ തുടരണോ അതോ വേർപിരിയുന്നതിനുള്ള നിയമപരമായ നടപടികളിലേക്ക് കടക്കണമോ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. ബാക്കി ഒൻപത് ചോദ്യങ്ങൾ ഭരണഘടനാ, കുടിയേറ്റ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ടതാണ്. നിയമപ്രകാരം വോട്ടെടുപ്പ് കഴിഞ്ഞ് 48 മണിക്കൂറിനുള്ളിൽ വോട്ടെണ്ണൽ പൂർത്തിയാക്കണം.  ഇത് പൂർണ്ണമായും കൈകൊണ്ട്  എണ്ണുന്നതിനാൽ വലിയ വെല്ലുവിളിയാണ് അധികൃതർ നേരിടുന്നത്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന് 37 മില്യൺ ഡോളറാണ് ചിലവായതെങ്കിൽ, ഇത്തവണ അതിലും വലിയ തുക വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.