16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ കനേഡിയൽ സർക്കാർ; ഇളവുകൾ അനുവദിക്കും

By: 600110 On: Jun 9, 2026, 12:04 PM

കാനഡയിൽ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ഫെഡറൽ സർക്കാർ ഒരുങ്ങുന്നു. കൗമാരക്കാരുടെ മാനസികാരോഗ്യ സംരക്ഷണവും ഓൺലൈൻ സുരക്ഷയും മുൻനിർത്തിയാണ് ഈ നിർണായക നീക്കം. എന്നാൽ, ചില പ്രത്യേക പ്ലാറ്റ്‌ഫോമുകൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമായി ഈ നിയമത്തിൽ ഇളവുകൾ അനുവദിക്കുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

പ്രായം കൃത്യമായി പരിശോധിക്കുന്നതിനുള്ള കർശനമായ മാനദണ്ഡങ്ങൾ നടപ്പിലാക്കുമെന്നും, നിയമം ലംഘിക്കുന്ന സോഷ്യൽ മീഡിയ കമ്പനികൾക്കെതിരെ ദശലക്ഷക്കണക്കിന് ഡോളർ പിഴ ഈടാക്കുമെന്നും കനേഡിൻ സർക്കാർ അറിയിച്ചിട്ടുണ്ട്.
കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിൽ മാതാപിതാക്കളുടെ ആശങ്കകൾ പരിഹരിക്കാൻ ഈ നിയമം സഹായിക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സമാനമായ നിയമനിർമ്മാണം നടപ്പിലാക്കിയ മാതൃക പിന്തുടർന്നാണ് കാനഡയുടെ നീക്കം.

അതേസമയം, നിരോധനത്തെ സ്വാഗതം ചെയ്യുമ്പോഴും, പ്രായം തെളിയിക്കുന്നതിനുള്ള സാങ്കേതിക സംവിധാനങ്ങൾ വ്യക്തിവിവരങ്ങളുടെ സുരക്ഷയെ ബാധിക്കുമോ എന്ന കാര്യത്തിൽ കാനഡയിലെ പ്രതിപക്ഷ കക്ഷികളും സൈബർ സുരക്ഷാ വിദഗ്ദ്ധരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വരും മാസങ്ങളിൽ പ്രവിശ്യാ സർക്കാരുകളുമായി ആലോചിച്ച് നിയമത്തിൻ്റെ അന്തിമ രൂപരേഖ തയ്യാറാക്കാനാണ് ഫെഡറൽ സർക്കാരിൻ്റെ തീരുമാനം.