ജമ്മു കശ്മീരില്‍ ഭീകരാക്രമണം; വീരമൃത്യു വരിച്ച സൈനികരില്‍ മലയാളിയും

By: 600007 On: Oct 11, 2021, 6:43 PM


ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മലയാളി ജവാന് വീരമൃത്യു. കൊല്ലം ഒടനാവട്ടം സ്വദേശി വൈശാഖാണ് കൊല്ലപ്പെട്ടത്. 23 വയസായിരുന്നു. മറ്റ് മൂന്ന് പേര്‍ പഞ്ചാബ് സ്വദേശികളും ഒരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയുമാണ്. 

പൂഞ്ച് ജില്ലയിലെ സുരന്‍കോട്ടില്‍ ഭീകരവിരുദ്ധ ഓപ്പറേഷന് എത്തിയ സുരക്ഷാ സേനയിലെ അഞ്ച് സൈനികരാണ് ഭീകരവാദികളും ആയുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചത്. രജോരി സെക്ടറില്‍ അതിര്‍ത്തി നുഴഞ്ഞു കയറിയ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ട് എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ ഇന്ന് രാവിലെയാണ് മേഖലയില്‍ സുരക്ഷാസേന തെരച്ചില്‍ ആരംഭിച്ചത്. ചാമ്രര്‍ വനമേഖലയില്‍ വച്ച് ഭീകരര്‍ സുരക്ഷാ സേനക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

പഞ്ചാബ് കബൂര്‍ത്തലില്‍ നിന്നുള്ള ജൂനിയര്‍ കമ്മീഷന്‍ ഓഫീസ് നായിബ് സുബേധാര്‍ ജസ്വീന്ദര്‍ സിങ്, ഗുരുദാസ് പുര്‍ സ്വദേശി മന്‍ദീപ് സിങ്, റോപ്പര്‍ സ്വദേശി ഗജ്ജന്‍ സിങ്, ഉത്തര്‍പ്രദേശ് ഷാജഹാന്‍പുര്‍ സ്വദേശി സരത് സിങ് എന്നിവരാണ് വീരമൃത്യുവരിച്ച മറ്റു നാലു പേര്‍. ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഹരികുമാര്‍ മീന ദമ്പതികളുടെ മകനാണ് വൈശാഖ്. ശില്‍പ സഹോദരിയാണ്. 2017ലായിരുന്നു വൈശാഖ് സൈന്യത്തില്‍ ചേര്‍ന്നത്.

Content Highlights: Malayali jawan killed in Jammu and Kashmir