ഫെഡറൽ നയങ്ങളിൽ മാറ്റം ഉണ്ടായാൽ മാത്രമെ ആൽബർട്ട വിഘടനവാദത്തെ പ്രതിരോധിക്കാൻ കഴിയൂ എന്ന് പിയറി പൊയ്‌ലിവ്റെ

By: 600110 On: Jun 9, 2026, 11:09 AM

ആൽബർട്ട പ്രവിശ്യയെ കാനഡയിൽ നിന്ന് വേർപെടുത്തണമെന്ന വിഘടനവാദ നിലപാടുകൾക്കെതിരെയുള്ള ഫലപ്രദമായ പ്രതിവിധി പുതിയ പുതിയ ഫെഡറൽ നയങ്ങളാണെന്ന് കൺസർവേറ്റീവ് പാർട്ടി നേതാവ് പിയറി പൊയ്‌ലിവ്റെ . കാൽഗറിയിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കവെ, ആൽബർട്ടയിലെ ജനങ്ങൾക്ക് പുതിയൊരു രാജ്യമല്ല, മറിച്ച്  ഫെഡറൽ സർക്കാരിൻ്റെ മുൻഗണനകളിലെ മാറ്റമാണ് ആവശ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആൽബർട്ടയിലെ വിഘടനവാദ ചിന്തകളെ ഇല്ലാതാക്കാനുള്ള ഏറ്റവും എളുപ്പമുള്ള വഴി, പ്രവിശ്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് ഫെഡറൽ സർക്കാർ അവസാനിപ്പിക്കുകയാണെന്നും പിയറി പൊയിലീവ്രെ കൂട്ടിച്ചേർത്തു.

പ്രവിശ്യകളുടെ സ്വയംഭരണാവകാശത്തെ ബഹുമാനിക്കൽ, വിഭവങ്ങളുടെ ലഭ്യത ഉറപ്പാക്കൽ, പൈപ്പ്‌ലൈൻ നിർമ്മാണം, കാർബൺ നികുതി റദ്ദാക്കൽ എന്നിവയിലൂടെ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഘടനവാദികൾക്ക് കനേഡിയൻ ജനതയോടല്ല, മറിച്ച് നിലവിലെ ഫെഡറൽ സർക്കാരിൻ്റെ നയങ്ങളോടാണ് എതിർപ്പുള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കാനഡയിൽ തുടരണമോ അതോ വേർപിരിയുന്നതിനുള്ള നിയമപരമായ നടപടികളിലേക്ക് കടക്കണമോ എന്ന് ഒക്ടോബറിൽ ജനഹിതപരിശോധന നടത്തുമെന്ന് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് പൊയ്‌ലിവ്റെയുടെ പ്രതികരണം.

ഇതിൻ്റെ ഭാഗമായി വരാനിരിക്കുന്ന വേനൽക്കാലത്ത് കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ ആൽബർട്ടയിലുടനീളം വിപുലമായ പ്രചാരണം നടത്തുമെന്നും ജനങ്ങളെ കാനഡയുടെ ഭാഗമായി തുടരാൻ പ്രേരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.വേർപിരിയലിനായി വോട്ട് ചെയ്യുന്നവരെ ശത്രുക്കളായി കാണരുതെന്നും, മറിച്ച് ഫെഡറൽ സർക്കാരിൻ്റെ തെറ്റായ നയങ്ങൾ കാരണം നിരാശരായവരായി കണ്ട് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് രാജ്യം തയ്യാറാകേണ്ടതെന്നും പൊയ്‌ലിവ്രെ വ്യക്തമാക്കി.