വേള്‍ഡ് കപ്പ് റഫറിക്ക് യുഎസില്‍ പ്രവേശന വിലക്ക്; തിരിച്ചടിയായി ട്രംപിന്റെ യാത്രാ നയം

By: 600002 On: Jun 9, 2026, 8:21 AM



 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: ഫിഫ വേള്‍ഡ് കപ്പ് മത്സരങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, സൊമാലിയയില്‍ നിന്നുള്ള പ്രമുഖ ലോകകപ്പ് റഫറി ഒമര്‍ അര്‍ട്ടാന് യുഎസില്‍ പ്രവേശനാനുമതി നിഷേധിച്ചു.

ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായി കഴിഞ്ഞ വാരാന്ത്യത്തില്‍ ഇസ്താംബൂളില്‍ നിന്നും മിയാമിയില്‍ വിമാനമിറങ്ങിയ അദ്ദേഹത്തെ യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ അധികൃതര്‍ വിമാനത്താവളത്തില്‍ തടഞ്ഞ് തിരിച്ചയക്കുകയായിരുന്നു. സുരക്ഷാ പരിശോധനകളുടെ ഭാഗമായാണ് പ്രവേശനം നിഷേധിച്ചതെന്നാണ് സിബിപിയുടെ ഔദ്യോഗിക വിശദീകരണം.

ഭീകരവാദ സാധ്യതകള്‍ മുന്‍നിര്‍ത്തി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യാത്രാവിലക്കോ കടുത്ത നിയന്ത്രണങ്ങളോ ഏര്‍പ്പെടുത്തിയ 40 രാജ്യങ്ങളുടെ പട്ടികയില്‍ സൊമാലിയയും ഉള്‍പ്പെടുന്നുണ്ട്. സ്വന്തം രാജ്യത്തുനിന്നും ലോകകപ്പ് നിയന്ത്രിക്കാന്‍ യോഗ്യത നേടുന്ന ആദ്യ വ്യക്തിയാകാന്‍ ഒരുങ്ങവെയാണ് ഒമറിന് ഈ തിരിച്ചടി നേരിട്ടത്. 

ഫിഫയും കായിക ലോകവും അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ ജൂണ്‍ 11-ന് മെക്‌സിക്കോ സിറ്റിയില്‍ ആരംഭിക്കാനിരിക്കെയാണ് ഈ നാടകീയ സംഭവങ്ങള്‍.

കടുത്ത ദേശീയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ വിസകള്‍ അനുവദിക്കൂ എന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ നിലപാട്.