അനശ്വരം മാമ്പിള്ളി
പ്രശസ്ത മലയാള സാഹിത്യ ചരിത്രകാരന്‍ ജോര്‍ജ് മണ്ണി കരോട്ടിന്റെ നിര്യാണത്തില്‍ ലാനയുടെ അനുശോചനം. മണ്ണിക്കരോട്ടിന്റെ നിര്യാണത്തിലൂടെ ലാനയ്ക്ക് നഷ്ടമാകുന്നത് ഒരു കുടുംബാംഗം, സുഹൃത്ത്, അതിലേറെ ലാനാ പ്രവര്‍ത്തനങ്ങളില്‍ തുടക്കം മുതല്‍ പങ്കാളിയുമായിരുന്ന ഒരു സാരഥിയുമാണ്.
1998-2000, 2013-15 എന്നീ രണ്ട് പ്രവര്‍ത്തന കാലയളവില്‍ ലാനയുടെ വൈസ് പ്രസിഡണ്ട് ആയിരുന്ന ജോര്‍ജ് മണ്ണിക്കാരോട്ട് ഈ രണ്ടു കാലഘട്ടങ്ങളിലും ശക്തവും സൗമ്യവുംമായ പ്രവര്‍ത്തനങ്ങളാല്‍ ലാനയെ സമ്പന്നമാക്കി.
അര നൂറ്റാണ്ടിലേറെയുള്ള തന്റെ അമേരിക്കന്‍ ജീവിതത്തില്‍ അമൂല്യമായ സംഭാവനകളാണ് അദ്ദേഹം മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയത്. നോവല്‍,ചെറുകഥ, ലേഖനം എന്നീ ശാഖകളിലായി ഏതാണ്ട് പത്തോളം കൃതികള്‍ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ എഴുത്തു ജീവിതത്തിലെ ഏറ്റവും വിലയേറിയ എന്നെന്നും പ്രകാശിക്കുന്ന ഒന്നാണ് 'അമേരിക്കയിലെ ആധുനിക മലയാളസാഹിത്യചരിത്രം'എന്ന 392 പേജുകള്‍ ഉള്ള പുസ്തകം.
ഈ പുസ്തകത്തിന്റെ പൂര്‍ത്തീകരണത്തിനായി അദ്ദേഹം അമേരിക്കയുടെ ഓരോ സ്റ്റേറ്റിലും ഉള്ള എഴുത്തുകാരുമായി സംസാരിച്ചു, കത്തിടപാടുകള്‍ നടത്തി, അവരുടെ ഹ്രസ്വമായ ചരിത്രം സമാഹരിച്ചു, കൃതികളുടെ പേര് വിവരങ്ങള്‍, ചെറിയ കുറിപ്പ് എന്നിവ തയ്യാറാക്കി ഇങ്ങനെ ഒരു പുസ്തകം സാധ്യമാക്കുന്നതിനായി ചെലവഴിച്ച സമയവും, സാമ്പത്തിക സന്നദ്ധതയും, അധ്വാനവും സമാനതകളില്ലാത്തതാണ്.ഈ കൃതി അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ക്കിടയില്‍ അവരുടെ മനസ്സുകളില്‍ എന്നൊന്നും നിലനില്‍ക്കും.
കേരളത്തിലും അമേരിക്കയിലുമായി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തകന്‍, സംഘാടകന്‍, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്നീ തലങ്ങളിലും ജോര്‍ജ് മണ്ണിക്കാരോട്ട് അമേരിക്കന്‍ മലയാളികള്‍ക്ക് പരിചിതനാണ്.
ഇക്കഴിഞ്ഞ മാര്‍ച്ച് മാസം ആദ്യവാരം ലാന ഭാരവാഹികളും അംഗങ്ങളും ഫ്യൂസ്റ്റലിലെ വിവിധ സാഹിത്യ സമിതികളുടെ അംഗങ്ങളുമൊത്ത് ശ്രീ മണ്ണിക്കാരൊറ്റിനെ സന്ദര്‍ശിച്ച് ലാനയുടെ 'അവാര്‍ഡ് ഓഫ് എക്‌സ്ലന്‍സ്'നല്‍കി ആദരിച്ചു. പ്രിയപ്പെട്ടവരുടെ സന്ദര്‍ശനത്തില്‍ ഏറെ സന്തോഷിച്ച് അദ്ദേഹം കുറച്ചുനേരത്തേക്ക് തന്റെ അനാരോഗ്യം മറന്ന് വാചാലനായി. അദ്ദേഹത്തിന്റെ സൗമ്യമായ സ്വരം ഇപ്പോഴും അവരുടെ കാതുകളിലുണ്ട്. ആ കൈവിരലുകളുടെ നേരിയ വിറയല്‍ ഇപ്പോഴും അവരുടെ കൈത്തലങ്ങളിലുണ്ട്.
ഈ അവസരത്തില്‍ മണ്ണിക്കോരോട്ടിന്റെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഉള്ള വേദനയില്‍ ലാനയും പങ്കുചേരുന്നു. ഒപ്പം അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്യുന്നു.
തന്റെ ജീവിതത്തില്‍ എഴുത്തുനോടുള്ള കടപ്പാട് പൂര്‍ത്തീകരിച്ചാണ് അദ്ദേഹം യാത്രയായത് എന്ന് നമുക്ക് ആശ്വസിക്കാം. സന്തോഷിക്കാം. ലഭ്യമായ വിവരങ്ങള്‍ ശേഖരിച്ച് ആവുന്നത്ര അധ്വാനിച്ച് ശ്രീ ജോര്‍ജ് മണ്ണിക്കരോട്ട് അമേരിക്കന്‍ മലയാളികളുടെ സാഹിത്യ ചരിത്രം രേഖപ്പെടുത്തി. അത് പൂര്‍ണമാകാം, അപൂര്‍ണ്ണമാകാം പക്ഷേ അത് എഴുതപ്പെട്ടതാണ്.
അത് നമ്മുടെ എഴുത്തിന്റെ ചരിത്രമാണ്. പ്രീയ കുടുംബാംഗത്തിന്, ലാനയുടെ സാരഥിക്ക്, ഹൃദയ വേദനയോടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി, ലാന എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി, സെക്രട്ടറി നിര്‍മ്മല ജോസഫ് അറിയിച്ചു.